പ്രണയാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർത്ഥിനിക്കും മാതാവിനും വധഭീഷണി; വീടിന് പൊലീസ് കാവൽ
മംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർത്ഥിനിയുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ബെളഗാവി, കിണയ്ക്ക് സമീപത്തെ ബികോം വിദ്യാർത്ഥിനിയായ യുവതിയും മാതാവും താമസിക്കുന്ന വീടിനാണ് ആക്രമണ ഭീഷണിയെ തുടർന്ന് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഭീഷണി മുഴക്കിയ ചാപ്പണ്ണ ഡോക്കറെ(27)യ്ക്കതിരെ പൊലീസ് അന്വേഷണവും ആരംഭിച്ചു.
മൂന്ന് വർഷം മുമ്പും യുവതിയുടെ പിന്നാലെ ചെന്ന് ചാപ്പണ്ണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതോടെ ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയും ചാപ്പണ്ണയെ താക്കീത് നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പ്രണയാഭ്യർത്ഥനയുമായി ഇയാൾ പിന്നാലെ നടക്കാൻ തുടങ്ങി. യുവതി ഇതു നിരസിച്ചതോടെയാണ് കഴിഞ്ഞ ദിവസം ചാപ്പണ്ണ അമ്മയേയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തത്. ഇതോടെയാണ് വിദ്യാർത്ഥിനിയും മാതാവും പൊലീസിനെ സമീപിച്ചത്.