‘മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോ നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ ‘ ; ബാർ കോഴയിൽ വിമർശനവുമായി വിഡി സതീശൻ
എറണാകുളം: ബാർ കോഴ ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി
സതീശൻ പറഞ്ഞു. എക്സൈസ് മന്ത്രി രാജിവയ്ക്കണം. നിലവിലെ മദ്യനിയമത്തിൽ മാറ്റം വരുത്തിയത് അബ്കാരികളെ സഹായിക്കാനാണ്. രണ്ടാം പിണറായി സർക്കാർ 130 ബാറിന് അനുമതി കൊടുത്തു. ബാർ കൂടി, പക്ഷെ ടേൺ ഓവർ ടാക്സ് കുറയുന്നു. ബാറുകളിൽ ഒരു പരിശോധനയും നടക്കുന്നില്ല. മദ്യവർജനത്തിന് മുന്നിൽ നിൽക്കുമെന്ന എൽഡി ഫിന്റെ ഉറപ്പ് പ്രഹസനമായി. ഒന്നാം പിണറായി സർക്കാർ 669 ബാറുകൾക്ക് അനുമതി നൽകി. രണ്ടാം പിണറായി സർക്കാർ 130 ബാറുകൾക്ക് അനുമതി നൽകി. നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്. മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്ന് അദ്ദേഹം പരിഹസിച്ചു. മന്ത്രി മാറി നിന്ന് അന്വേഷണം നടത്തണം. പണപ്പിരിവ് നടക്കുന്നു എന്ന് വ്യക്തമാണ്. പണം കിട്ടിയാൽ അനുകൂലമായ മദ്യ നയം. അതാണ് ഓഫർ. കാലം എൽഡിഎഫിനോട് കണക്ക് ചോദിക്കുന്നു. മാണിക്ക് എതിരെ ഒരു കോടി ആരോപണം ഉന്നയിച്ചവർക്ക് എതിരെ 20 കോടിയുടെ ആരോപണമെന്നും വിഡി സതീശൻ പറഞ്ഞു.