ബോവിക്കാനത്തെ യൂത്ത് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങുന്നു; സികെ ശ്രീധരൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ
കാസർകോട്: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങുന്നു. ജില്ലാ സെഷൻസ് കോടതി (മൂന്ന്)യിൽ മെയ് 25ന് വിചാരണ ആരംഭിക്കും. കേസിൽ അടുത്തിടെ സിപിഎമ്മിൽ ചേർന്ന കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി.കെ ശ്രീധരനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. 2016 ഡിസംബർ ഒന്നിന് വൈകുന്നേരമാണ് പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപത്തെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ അബ്ദുൽ ഖാദർ (19) കുത്തേറ്റു മരിച്ചത്. പൊവ്വലിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടയിൽ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി ഡിസംബർ ഒന്നിന് വൈകുന്നേരം ബോവിക്കാനം ടൗണിൽ വെച്ച് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിനിടയിലാണ് അബ്ദുൽ ഖാദർ ദാരുണമായി കൊല്ലപ്പെട്ടത്. മുതലപ്പാറയിലെ അഹമ്മദ് നസീർ, ബാലനടുക്കത്തെ മുഹമ്മദ് സാലി, കലാം മുഹമ്മദ് എന്നിവരും മറ്റു മൂന്ന് പേരുമാണ് കേസിലെ പ്രതികൾ. അന്ന് ആദൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന ഇപ്പോഴത്തെ കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സിബിതോമസും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.