ലോഡ്ജ് കേന്ദ്രമാക്കി ഗൂഗിൾ പേ വഴി കഞ്ചാവ് കച്ചവടം, പ്രതി പിടിയിൽ
ആലപ്പുഴ: കായംകുളത്ത് നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി. മൂന്ന് പ്രതികളിൽ ഒരാൾ പിടിയിൽ. ആലപ്പുഴ നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മഹേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 100 ഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. ഇയാളെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ കായംകുളത്തെ ഒരു ലോഡ്ജിൽ കൂടുതൽ കഞ്ചാവ് ഉണ്ടെന്ന് മനസിലാക്കി എക്സൈസ് സംഘം ലോഡ്ജ് മുറി റെയിഡ് ചെയ്യുകയും അവിടെ നിന്ന് 4 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുക്കുകയും ചെയ്തു.
അൻഷാസിനെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ കൂട്ടാളികളെക്കുറിച്ചു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണപുരം സ്വദേശികളായ ലാലു, ബിനീഷ് എന്നിവരെ യഥാക്രമം രണ്ടും മൂന്നും പ്രതികളായി കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിനീഷിൻ്റെ കഞ്ചാവ് കച്ചവടത്തെക്കുറിച്ച് എൻഫോഴ്സ്മെൻ് ഏജൻസികൾക്ക് അറിവ് കിട്ടിയതിനാൽ ഇയാൾ തന്ത്രപരമായാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. രണ്ടാം പ്രതി ലാലുവിൻ്റെ പേരിൽ ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് ശേഖരിച്ച് വച്ചശേഷം ഇടപാടുകാരോട് അൻഷാസിൻ്റെ ഗൂഗിൾ പേ നമ്പറിൽ കാശ് ഇടാൻ ആവശ്യപ്പെടുകയും പണം കിട്ടിക്കഴിഞ്ഞാൽ ലാലുവിനെ കൊണ്ട് കഞ്ചാവ് വിതരണം ചെയ്യുന്നതുമായിരുന്നു ഇയാളുടെ രീതി. അൻഷാസ് എക്സൈസ് പിടിയിലായതറിഞ്ഞു രണ്ടും മൂന്നും പ്രതികളായ ലാലുവും, ബിനീഷും ഒളിവിൽ പോയിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
പാർട്ടിയിൽ എ.ഇ.ഐ ഗോപകുമാർ, പി.ഒ. റെനി , സി.ഇ ഒ റഹീം, ദിലീഷ്, WCEO ജീന എന്നിവർ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ മദ്യവും മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അറിയിക്കേണ്ട നമ്പർ 9400069494.