സ്റ്റേഷനറി കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; പിടിച്ചെടുത്തത് 152 ഗ്രാം എം.ഡി.എം.എ
താമരശ്ശേരി: സ്റ്റേഷനറിസാധനങ്ങളുടെ മൊത്തവ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന യുവാവ് പോലീസിന്റെ പിടിയില്‍. പുതുപ്പാടി അടിവാരം പഴയേടത്തു വീട്ടില്‍ നൗഷാദ് (41)നെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ അടിവാരം മില്‍മ സൊസൈറ്റി റോഡിന്റെ തുടക്കഭാഗത്തുവെച്ച് കോഴിക്കോട് റൂറല്‍ എസ്.പി. ഡോ. അര്‍വിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും താമരശ്ശേരി പോലീസും ചേര്‍ന്ന് അറസ്റ്റുചെയ്തത്.
അരയില്‍ തിരുകിവെച്ച പോളിത്തീന്‍ കവറിനുള്ളില്‍ പത്ത് സിപ്പ്ലോക് കവറുകളിലാക്കി സൂക്ഷിച്ച 152 ഗ്രാം എം.ഡി.എം.എ. ഇയാളില്‍നിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് ചില്ലറവിപണിയില് ആറുലക്ഷത്തോളം രൂപ വിലയുണ്ട്. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്ട് 22(സി)വകുപ്പ് ചുമത്തി അറസ്റ്റുരേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലഹരിമരുന്നിനെതിരായ സംസ്ഥാനവ്യാപക ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി ഡിവൈ.എസ്.പി. എം.പി. വിനോദ്, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ.എസ്. ഷാജി എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു പോലീസ് രാത്രികാലപരിശോധന നടത്തിയത്.
താമരശ്ശേരി ഇന്‍സ്പെക്ടര്‍ കെ.ഒ. പ്രദീപ്, സ്പെഷ്യല്‍ സ്ക്വാഡ് എസ്.ഐ.മാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, സീനിയര്‍ സി.പി.ഒ.മാരായ ജയരാജന് പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, കെ.പി. ഹണീഷ്, പി. ബിനോയ്, കെ. രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.