വിഴിഞ്ഞം ശാന്തകുമാരി വധക്കേസ്; സ്ത്രീയടക്കം മൂന്ന് പ്രതികൾക്ക് വധശിക്ഷ
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകന് ഷഫീഖ്, കൂടെ താമസിച്ചിരുന്ന അല്‍ അമീന് എന്നിവരെയാണ് ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ശാന്തകുമാരിയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ചുവെന്നാണ് കേസ്.
കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചില്‍ ഒളിപ്പിച്ച് ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു.
2022 ജനുവരി 14-നായിരുന്നു സംഭവം. ശാന്തകുമാരിയുടെ അയല്‍വാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികളെ അന്ന് രാത്രി തന്നെ പോലീസ് പിടികൂടിയിരുന്നു. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്കാണ് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണം കവര്‍ന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രാത്രിയില്‍ വീട്ടുടമസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്.
കേസിലെ അന്വേഷണത്തിനിടെ 2020-ല്‍ പതിനാലുകാരിയെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞിരുന്നു. ഈ കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണ്.