നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു; അമേരിക്കയിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടുന്നുവെന്നും അമിത വേഗതയായിരിക്കാം കാറപകടത്തിന് കാരണമെന്നും അൽഫാരെറ്റ പൊലീസ് പറഞ്ഞു. മെയ് 14-ന് ജോർജിയയിലെ അൽഫാരെറ്റയിൽ മാക്സ്വെൽ റോഡിന് സമീപത്താണ് അപകടമുണ്ടായത്.
അൽഫാരെറ്റ ഹൈസ്കൂളിലും ജോർജിയ സർവകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അഞ്ചു പേരും18 വയസ് പ്രായമുള്ളവരാണ്. അൽഫാരെറ്റ ഹൈസ്കൂളിലെ സീനിയർ വിദ്യാർഥിയായ ആര്യൻ ജോഷി, ജോർജിയ സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർഥികളായ ശ്രീയ അവസരള, അൻവി ശർമ്മ എന്നിവരാണ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിയും റിത്വക് സോമേപള്ളി, അൽഫാരെറ്റ ഹൈസ്കൂളിലെ സീനിയർ വിദ്യാർത്ഥിയായ മുഹമ്മദ് ലിയാക്കത്ത് എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടക്കുന്ന സമയത്ത് റിത്വക് സോമേപള്ളിയാണ് കാറോടിച്ചിരുന്നത്.
വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ആര്യൻ ജോഷി, ശ്രീയ അവസരള എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും നോർത്ത് ഫുൾട്ടൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അൻവി ശർമ്മയും മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറയുന്നു. അതേസമയം, അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.