പ്ലസ്ടു ജയിച്ചതിൻ്റെ പാർട്ടി, മദ്യപിച്ച് 17-കാരൻ കാറോടിച്ചത് 200 കിലോ മീറ്റര്‍ വേഗത്തിൽ; പൊലിഞ്ഞത് രണ്ടു ജീവൻ
മുംബൈ: പുണെയില്‍ പതിനേഴുകാരന് ഓടിച്ച ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പ്രതിയായ പതിനേഴുകാരനെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തയാളാണ് മദ്യപിച്ച് 240 കിലോ മീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചതെന്നും അതിനാല്‍ ഇത് അപകടമല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 2.15-ഓടെയാണ് പുണെ കല്ല്യാണിനഗറില്‍ പതിനേഴുകാരന് ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എന്‍ജിനിയര്‍മാര്‍ മരിച്ചത്. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്. സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കി. റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കില്‍ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, മദ്യപിക്കുന്ന ശീലം ഉള്‍പ്പെടെ മാറ്റാനായി കൗണ്‍സിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവെച്ചാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, ഇതിനെതിരേ വ്യാപക വിമര്‍ശനമാണുയര്‍ന്നത്.
അപകടത്തില്‍ കൊല്ലപ്പെട്ട അനീഷും അശ്വിനിയും പുണെയിലെ സ്വകാര്യ കമ്പനിയില്‍ ഐ.ടി. എന്‍ജിനിയര്‍മാരായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് അതിവേഗത്തിലെത്തിയ ആഡംബര കാര്‍ ഇരുവരെയും ഇടിച്ചിട്ടത്. അപകടത്തില്‍ രണ്ടുപേരും തല്‍ക്ഷണം മരിച്ചു. ചോരയൊലിച്ച് രണ്ടു പേരും റോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളും അപകടത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് അനീഷിന്റെ മൃതദേഹം സ്വദേശമായ ബിര്സിങ്പുരില് എത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് പ്രിയപ്പെട്ടവന് അന്തിമോപചാരം അര്‍പ്പിക്കാനായി ഇവിടെയെത്തിയിരുന്നത്. ഇതിനിടെ അപകടമുണ്ടാക്കിയ 17-കാരന് ജാമ്യം നല്‍കിയതിനെതിരേയും ബന്ധുക്കള്‍ പൊട്ടിത്തെറിച്ചു.
രണ്ടുപേരാണ് അപകടത്തില്‍ മരിച്ചതെന്നും പ്രതിക്കെതിരേ ശക്തമായ നടപടി വേണമെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും അനീഷിന്റെ മുത്തച്ഛന് ആത്മറാം മാധ്യമങ്ങളോട് പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ മദ്യലഹരിയിലാണ് 17-കാരന് വാഹനമോടിച്ചതെന്നും ഇത് കൊലപാതകമാണെന്നും അനീഷിന്റെ ബന്ധുവായ അഖിലേഷും ആരോപിച്ചു.
തിങ്കളാഴ്ച രാത്രിയാണ് അശ്വിനിയുടെ മൃതദേഹം സ്വദേശമായ ജബല്‍പുരിലെ വീട്ടിലെത്തിച്ചത്. സംഭവത്തില്‍ പ്രതിക്ക് ജാമ്യം നല്‍കിയതില്‍ രോഷത്തോടെയായിരുന്നു ബന്ധുക്കളുടെ പ്രതികരണം. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
”ഞങ്ങള്‍ ഇപ്പോഴും ഞെട്ടലിലാണ്. അയാള്‍ക്ക് വെറും 15 മണിക്കൂറിനുള്ളില്‍ ജാമ്യം നല്കിയ നടപടി തീര്‍ത്തും തെറ്റാണ്. പ്രതിക്കെതിരേയും അയാളുടെ മാതാപിതാക്കള്‍ക്കെതിരേയും അന്വേഷണം വേണം. അശ്വിനിയുടെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ ചര്‍ച്ചചെയ്യും”- യുവതിയുടെ ബന്ധുവായ കിഷോര്‍ കോഷ്ത മാധ്യമങ്ങളോട് പ്രതികരിച്ചു. ഏറെ സ്വപ്നങ്ങളുണ്ടായിരുന്ന യുവതിയുടെ ജീവനാണ് റോഡില്‍ പൊലിഞ്ഞതെന്നും സംഭവത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.