തോക്കുകളും തിരകളും കാറിൽ; മഞ്ചേശ്വരം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ; അക്രമത്തിന് പദ്ധതിയിട്ട് എത്തിയതെന്ന് പൊലീസ്
മംഗളൂരു: തോക്കുകളും തിരകളുമായി കാറിൽ സഞ്ചരിച്ച മഞ്ചേശ്വരം സ്വദേശികളായ രണ്ടു യുവാക്കളെ മംഗളൂരു സിറ്റി സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്മർ (26), അബ്ദുൾ നിസാർ കെ (29) എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് ജില്ലാ അതിർത്തിയായ തലപ്പാടിയിലെ പിലിക്കൂർ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കാറിൽ ആയുധങ്ങളുമായി സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച കാർ തടഞ്ഞ് പരിശോധിച്ചത്. കാറിൽ നിന്ന് രണ്ട് പിസ്റ്റളുകളും, തിരകളും പിടികൂടി. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.