പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച; 75 പവൻ മോഷ്ടിച്ചു, മുറിയിൽ കമ്പിപ്പാരയും വാളും
കണ്ണൂർ: പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 75 പവൻ സ്വർണാഭരണം കവർന്നു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പെരുമ്പയിൽ സിഎച്ച് സുഹറയുടെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ. വീട്ടിൽ മകനും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിലായിരുന്നു.
രാവിലെ ഉണർന്നപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. രണ്ട് മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇതിന് മുമ്പ് വയനാട് മേപ്പാടിയിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അടച്ചിട്ട വീട് കുത്തിത്തുറന്നാണ് 75 പവൻ സ്വർണാഭരണം മോഷ്ടിച്ചത്. മാനിവയൽ വേണാട് ജേക്കബിന്റെ വീട്ടിലാണ് മോഷണം നടന്നത്. കൽപ്പറ്റ മേപ്പാടി റോഡിൽ മാനിവയലിൽ റോഡരികിൽ തന്നെയുള്ള ഇരുനില വീടാണ് കുത്തിത്തുറന്നത്.
ജേക്കബും കുടുംബവും കോഴിക്കോട് ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. കോഴിക്കോട് പോയ ഇവർ പിറ്റേന്ന് രാത്രിയാണ് തിരിച്ചെത്തിയത്. വീട്ടിലെത്തി മുൻവാതിൽ തുറക്കാൻ കഴിയാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ബാങ്ക് ലോക്കറിൽ നിന്ന് തിരിച്ചെടുത്ത 50 പവൻ സ്വർണാഭരണം ഉൾപ്പെടെ 75 പവൻ നഷ്ടമായി. 10,000 രൂപയിലേറെ പണവും മോഷണം പോയി.
അഞ്ച് അലമാരകളും മോഷ്ടാവ് കുത്തി തുറന്നിട്ടുണ്ട്. മേപ്പാടി സി ഐ എ ബി ബിബിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഒന്നിലധികം പേർ മോഷണത്തിന് പിന്നിൽ ഉണ്ടാകാമെന്നാണ് പൊലീസ് നിഗമനം.
ഇക്കഴിഞ്ഞ ഏപ്രിലിൽ മലപ്പുറത്തും വൻ സ്വർണമോഷണം നടന്നിരുന്നു. പ്രവാസിയുടെ വീട് കുത്തിത്തുറന്നാണ് സ്വർണം കവർന്നത്. പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജീവും കുടുംബവും ദുബായിലായിരുന്നു. 350 പവൻ സ്വർണമാണ് മോഷണം പോയത്.
ഐശ്വര്യ തീയേറ്ററിന് സമീപമാണ് രാജീവിന്റെ വീട്. ഇവിടത്തെ ലോക്കറിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. രാജീവ് കുടുംബ സമേതം രണ്ടാഴ്ച മുമ്പാണ് ഗൾഫിലേക്ക് പോയത്. വീട് വൃത്തിയാക്കാനായി ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിറകുവശത്തെ ഗ്രില്ല് പൊട്ടിച്ച നിലയിലായിരുന്നു. ജോലിക്കാരാണ് രാജീവിനെയും പൊലീസിനെയും വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോനയിലാണ് രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വർണം മോഷണം പോയ വിവരം അറിയുന്നത്.