ജ്വല്ലറിയിൽ ഷെയർ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ബദിയടുക്ക സ്വദേശി അറസ്റ്റിൽ
കണ്ണൂർ: പുതുതായി തുടങ്ങുന്ന ജ്വല്ലറിയിൽ ഷെയർ നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ യുവാവ് അറസ്റ്റിൽ. ബദിയടുക്ക, നെല്ലിക്കട്ടയിലെ അബ്ദുൽ മൻസൂറി (26)നെയാണ് കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് കെ.വി വേണുഗോപാലനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ നെല്ലിക്കട്ടയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് പുറക്കളം സ്വദേശി വിജേഷ് നൽകിയ പരാതി പ്രകാരമാണ് അറസ്റ്റ്. പുതുതായി തുടങ്ങുന്ന ജ്വല്ലറിയിൽ ഷെയർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2022 ൽ വിജേഷിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത 11 അംഗ സംഘത്തിൽപ്പെട്ട ആളാണ് അബ്ദുൽ മൻസൂർ. സംഘത്തിലെ നാലു പേർ നേരത്തെ അറസ്റ്റിലായിരുന്നു. മറ്റു ചില സംഘാംഗങ്ങൾ ഗൾഫിലേക്ക് കടന്നതായും സൂചനയുണ്ട്.