കടയുടെ തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ
കോഴിക്കോട്: കടയരികിൽ കയറിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. സ്കൂട്ടർ കേടായതിനാലാണ് റിജാസ് കടയിൽ കയറി നിന്നത്
സംഭവത്തിൽ കെഎസ്ഇബിയ്ക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ രംഗത്തെത്തി. കെഎസ്ഇബിയുടെ അനാസ്ഥ കാരണമാണ് 19കാരൻ മരിച്ചതെന്നാണ് കടയുടമ പി മുഹമ്മദ് പറയുന്നത്. കടയുടെ തൂണിൽ ഷോക്കുണ്ടെന്നുള്ള കാര്യം കെഎസ്ഇബിയെ അറിയിച്ചിരുന്നു. ഒരു ജീവനക്കാരൻ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചെങ്കിലും പ്രശ്നം പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ല. 19കാരൻ മരിച്ചതിന് ശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പറഞ്ഞു.
കെഎസ്ഇബിയുടെ അനാസ്ഥയാണ് റിജാസിന്റെ മരണത്തിന് കാരണമെന്ന് നാട്ടുകാരും ആരോപിച്ചു. ഇന്നലെ രാത്രി ഇവിടെ വന്ന മറ്റൊരാൾക്കും ഷോക്കേറ്റിരുന്നു. സമീപത്തെ വൈദ്യുത പോസ്റ്റിൽ നിന്നാണ് കടയുടെ തൂണിലേക്ക് വൈദ്യുതി എത്തിയത്. ഇത് പരിഹരിക്കാനുള്ള നടപടിയെടുക്കാത്തതാണ് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും നാട്ടുകാർ ആരോപിച്ചു.