‘ബോസും ഇക്കയും’ ആര്?; ലഹരിക്കടത്തില്‍ അല്‍ക്ക ബോണിയുടെ ഫാഷന്‍ ഷോകളെക്കുറിച്ച് അന്വേഷണം
കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ, അൽക്ക ബോണിയുടെ ബെംഗളൂരു ഫാഷൻ ഷോകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഫാഷൻ ഷോകൾക്കായുള്ള യാത്രയ്ക്കിടെ ഇവർ ലഹരി കടത്തിയിരുന്നുവെന്നാണ് എളമക്കര പോലീസ് സംശയിക്കുന്നത്. കൊക്കെയ്ൻ, മെത്താംഫിറ്റമിൻ അടക്കമുള്ള മാരക ലഹരിമരുന്നുകൾ ബെംഗളൂരുവിൽനിന്നാണ് കൊച്ചിയിലെത്തിച്ചിരുന്നത്.
അൽക്ക ഉൾപ്പെടെയുള്ള ആറ് പ്രതികളുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പരിശോധിക്കുന്നുണ്ട്. ഇവ രണ്ടുംവഴിയാണ് ഇവർ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായവരുടെ മൊഴിയിലുള്ള ബോസ്, ഇക്ക എന്നിവരെ കണ്ടെത്താനും ശ്രമം തുടങ്ങി. ഈ പേരുകൾ അന്വേഷണം വഴിതെറ്റിക്കാൻ പറയുന്നതാണോയെന്നും പോലീസ് സംശയിക്കുന്നു.
മോഡലിങ് രംഗത്ത് രണ്ടുവർഷമായി പ്രവർത്തിക്കുന്ന വരാപ്പുഴ സ്വദേശിനി അൽക്കയുടെ നേതൃത്വത്തിലായിരുന്നു ലഹരിക്കച്ചവടം. പ്രതികളുടെ കണക്കുപുസ്തകത്തിൽ ലഹരിവിതരണക്കാരുടെ സുപ്രധാന വിവരങ്ങളുണ്ടെന്നാണ് സൂചന.
ശനിയാഴ്ചയാണ് അൽക്ക ബോണിയടക്കം ആറുപേരെ എളമക്കരയിലെ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്തത്. കൊക്കെയ്ൻ, മെത്താംഫിറ്റമിൻ, കഞ്ചാവ് അടക്കമുള്ളവയാണ് ഇവരിൽനിന്ന് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് ചെറിയ വിലയ്ക്ക് വാങ്ങുന്ന ലഹരിവസ്തുക്കൾ പലമടങ്ങ് വിലകൂട്ടിയാണ് വിൽക്കുന്നത്. ആർഭാടജീവിതത്തിനാണ് പണം ഉപയോഗിച്ചിരുന്നത്.