സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഒരു കോടി രൂപ
മലപ്പുറം:സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. കോട്ടക്കൽ സ്വദേശിയായ സഹദിനെയാണ് (30) വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. തുടർന്ന് പ്രതികൾ യുവാവിന്റെ വീട്ടിൽ വിളിച്ച് ഒരു കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു. വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. രണ്ട് കാറുകളിലായാണ് സംഘം സഹദിന്റെ വീട്ടിലെത്തിയത്.
പണം കിട്ടില്ലെന്ന് ഉറപ്പായതോടെ പ്രതികൾ സഹദിനെ ക്രൂരമായി മർദ്ദിച്ചതിന് ശേഷം രണ്ടത്താണിയിലെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സഹദിന്റെ മുഖത്തും തലയ്ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ കരിപ്പൂരിൽ ഉൾപ്പടെ സ്വർണക്കടത്തുമായി ബന്ധമുളളവരാണെന്നാണ് പൊലീസ് പറയുന്നത്. സ്വർണക്കടത്ത് നടത്തുന്ന വിവരം സഹദ് മറ്റാർക്കോ ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഘത്തിലെ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി കോട്ടക്കൽ സിഐ അറിയിച്ചു. സ്വർണക്കടത്ത് സംഘങ്ങളുമായി സഹദിന് ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതായോ ക്രിമിനൽ പശ്ചാത്തമുള്ളതായോ വിവരമില്ലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ മാസവും തിരുവല്ലയിൽ കാർ യാത്രക്കാരനായ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം വഴിയരികിൽ ഉപേക്ഷിച്ചിരുന്നു. തൃശൂർ മണ്ണുത്തി തത്ത്യാലിക്കൽ ശരത്തിനാണ് (23) മർദ്ദനമേറ്റത്. അവശനിലയിൽ കിടന്ന ശരത്തിനെ നാട്ടുകാരാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
പായിപ്പാട്ട് നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത്തിനെ കാർ തടഞ്ഞുനിറുത്തിയശേഷം നാലംഗ സംഘം അതേ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിക്രൂരമായി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ച് ഇവർ കടന്നു. ഗുണ്ടാനേതാവ് കൊയിലാണ്ടി രാഹുലും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്ന് ശരത് പൊലീസിൽ മൊഴി നൽകി.