പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ക്രൂരൻ ആര്? ഡിഎൻഎ ടെസ്റ്റ് ഫലവും പ്രതീക്ഷിച്ച് അന്വേഷണ സംഘം
കാസർകോട്: വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ക്കൊണ്ടു പോയി ആക്രമിച്ചതാര് ?അക്രമി എങ്ങനെ വീട്ടിലേക്കെത്തി? ആരുടെയെങ്കിലും സഹായം അയാൾക്ക് കിട്ടിയിരുന്നോ?. കേരളത്തെ നടുക്കിയ സംഭവത്തിന് നാല് ദിവസം കഴിഞ്ഞിട്ടും ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച വെളുപ്പിനാണ് കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി ആക്രമിച്ചശേഷം കമ്മലുമായി സ്ഥലം വിട്ടത്. അതിന് ശേഷം അവശയായ പെൺകുട്ടി സമീപത്തെ വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചു.അവർ അയൽവാസിയെ വിവരം അറിയിച്ചു.ഇരുവീട്ടുകാരും കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു. പെൺകുട്ടി അവരോട് പറഞ്ഞ കാര്യങ്ങൾ അവരെയും വേദനിപ്പിച്ചു. പതിവ് പോലെ പുലർച്ചെ രണ്ടര മണിയോടെ വല്യച്ഛൻ കറവിന് പോയി. ഈ സമയത്ത് വീടിന്റെ മുൻ വശത്തെ വാതിൽ വഴി അകത്തു കടന്ന അക്രമി പെൺകുട്ടിയെ എടുത്ത് അടുക്കള വാതിൽ വഴി പുറത്തേക്ക് കടന്നു. കുട്ടി നിലവിളിക്കാതിരിക്കാൻ വായ് പൊത്തിപ്പിടിച്ചിരുന്നു. ഇതിനിടയിൽ പെൺകുട്ടിയേയും എടുത്ത് നടക്കാൻ കഴിയാതെ വന്നപ്പോൾ താഴെയിറക്കി. ബഹളം വെക്കാതിരിക്കാൻ അപ്പോഴും വായ പൊത്തിപ്പിടിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നു പറയുന്നു. വിവരമറിഞ്ഞ് ഹൊസൂർഗ് പൊലീസ് സ്ഥലത്ത് എത്തി. ഡി.ഐ.ജി.യും ജില്ലാ പൊലീസ് മേധാവിയും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുമെത്തിയിരുന്നു.നാടിനെ നടുക്കിയ സംഭവത്തിന് പിന്നിലെ ആക്രമിയെ അറിയാൻ നാട്ടുകാരും പൊലീസിനൊപ്പം അണിനിരന്നു. പ്രദേശത്തെ വീടുകളിലെല്ലാം പൊലീസും നാട്ടുകാരും കയറിയിറങ്ങി. അന്വേഷണം നാലാം ദിവസമായ ഇന്നും തുടരുന്നു. അന്വേഷണത്തിനിടയിൽ നിരവധി കേസുകളിൽ പ്രതിയായ ഒരാളെ കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിച്ചു. കഞ്ചാവ് ലഹരിയിൽ എന്തും ചെയ്യാൻ മടിക്കാത്ത ആൾ തന്നെയായിരിക്കും അക്രമത്തിനു പിന്നിലെന്നു അന്വേഷണ സംഘവും സംശയിക്കുന്നു.കുറ്റകൃത്യം തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റ് നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ പരിശോധന ഫലം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പരിശോധനാ ഫലം അനുകൂലമെങ്കിൽ പ്രതിയുടെ അറസ്റ്റ് ഉണ്ടാകും.