രാഹുലിനെ ജർമ്മനിയിലേക്ക് കടക്കാൻ സഹായിച്ചു; സുഹൃത്ത് രാജേഷ് അറസ്റ്റിൽ, വാട്സാപ്പ് ചാറ്റ് പരിശോധിക്കും
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ഗോപാലിനെ രാജ്യം വിടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ. രാഹുൽ ജർമ്മനിയിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് സിംഗപ്പൂർ വഴി ജർമ്മനിയിലേക്ക് കടക്കുകായായിരുന്നു. രാഹുലിനൊപ്പം ബംഗളൂരുവിലേക്ക് കാറിൽ യാത്ര ചെയ്ത സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാഹുലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിക്കും. ഇതിനായി ഇന്റർപോളിന് അപേക്ഷ നൽകിയിട്ടുണ്ട്. രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടാതെ രാഹുലിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തേക്കും. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ഇപ്പോൾ അറസ്റ്റിലായ രാജേഷിന്റെ ഉൾപ്പെടെ വാട്സാപ്പ് ചാറ്റുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. പന്തീരാങ്കാവ് പൊലീസ് ഗാർഹിക പീഡന കേസ് രജിസ്റ്റർ ചെയ്ത ദിവസം രാഹുൽ വീട്ടിലുണ്ടായിരുന്നു. വധശ്രമത്തിന് കേസെടുക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഒളിവിൽ പോയത്. കർണാടകയിൽ വച്ച് രാഹുലിന്റെ ഫോൺ ഓണായിരുന്നു. വീണ്ടും സ്വിച്ച് ഓഫായി. ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് പോയിട്ടുണ്ടെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മാത്രമല്ല ഇയാൾക്ക് ജർമനിയിൽ ജോലി ഉണ്ടെന്ന് പറഞ്ഞത് കളവാണോ എന്നതിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.
ഫറോക്ക് എസിപി സാജു പി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നേരത്തെ പരാതിക്കാരിയായ യുവതിയുടെ വടക്കൻ പറവൂരിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. രാഹുൽ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നും കൂടെ ഇയാളുടെ അമ്മയും സുഹൃത്തുമുണ്ടായിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതുപ്രകാരമാണ് ഉഷയെ ചോദ്യം ചെയ്യുന്നത്. ഈ മാസം അഞ്ചിന് ഗുരുവായൂരിൽ വച്ചായിരുന്നു രാഹുലിന്റെയും പരാതിക്കാരിയുടെയും വിവാഹം. പതിനൊന്നിനാണ് യുവതിയെ മർദ്ദിച്ചത്. രാഹുൽ കോട്ടയത്തുകാരനാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷമേ ആയിട്ടുള്ളൂ.