കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്കൂളിന്റെ ഓടയിൽ; നാട്ടുകാർ സ്കൂളിന് തീയിട്ടു
പാറ്റ്ന: സ്കൂളിന്റെ ഓടയിൽ ഏഴ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ബീഹാറിലെ ദിഘ നഗരത്തിലെ ടൈനി ടോട്ട് അക്കാഡമി എന്ന സ്കൂളിലാണ് സംഭവം. ആയുഷ് കുമാർ എന്ന കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്കൂളിൽ പോയ കുട്ടി തിരിച്ചെത്തിയിരുന്നില്ല.
മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ആയുഷിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാർ വിവരമറിഞ്ഞ ഉടൻതന്നെ സ്കൂളിന് തീയിട്ടു. സ്കൂളിനുള്ളിൽ കയറി സാധന സാമഗ്രികൾ തല്ലിത്തകർത്ത ശേഷമാണ് ഇവർ തീയിട്ടത്.
ക്ലാസ് കഴിഞ്ഞയുടൻ കുട്ടി അവിടെതന്നെ ട്യൂഷന് പോകാറുണ്ടെന്ന് പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാൽ, വൈകുന്നേരമായിട്ടും ആയുഷ് വീട്ടിലെത്തിയില്ല. തുടർന്ന് അന്വേഷിക്കാനായി കുട്ടിയുടെ അമ്മ സ്കൂളിൽ പോയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ കുട്ടി സ്കൂൾ വിട്ട് പുറത്തുപോകുന്നതായി കാണുന്നില്ലെന്ന് പാറ്റ്ന പൊലീസ് സൂപ്രണ്ട് ചന്ദ്രപ്രകാശ് പറഞ്ഞു.
മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതിനാൽ, സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത മൂന്നുപേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് സൂപ്രണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.