ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
കാസർകോട്: ഉള്ളിച്ചാക്കുകൾക്ക് അടിയിൽ ഒളിപ്പിച്ച് കടത്തിയ 40 ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അൻവർ ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി പി.ബിജോയിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള ഇൻസ്പെക്ടർ ബിജോയുടെ നിർദ്ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ കുമ്പള ദേശീയ പാതയിൽ എസ്.ഐ വിപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. അടിഭാഗത്ത് പുകയില ഉൽപ്പന്നങ്ങൾ നിറച്ച ചാക്കുകൾ അട്ടിവെച്ച് അതിന് മുകളിൽ ഉള്ളിച്ചാക്കുകൾ വെച്ചാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിയത്. ഒറ്റ നോട്ടത്തിൽ പുകയില കടത്ത് തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് ഉള്ളിച്ചാക്കുകൾ വെച്ചിരുന്നത്. പൊലീസ് സംഘത്തിൽ സി.പി.ഒ മാരായ ചന്ദ്രൻ, ഉമേശൻ, ഗിരീഷ്, വിനയചന്ദ്രൻ, അജീഷ് എന്നിവരും ഉണ്ടായിരുന്നു.