17 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കാസര്‍കോട് സ്വദേശിനി അറസ്റ്റില്‍
മുഹമ്മ(ആലപ്പുഴ): ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ പേരില്‍ മുഹമ്മ സ്വദേശിയില്‍നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട കാസര്‍കോടു സ്വദേശിനി പിടിയില്‍. തൃക്കരിപ്പൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കൈക്കോട്ടുകടവ് എസ്.പി. ഹൗസില്‍ ഫര്‍ഹത്ത് ഷിറിന് (31) ആണ് അറസ്റ്റിലായത്.
മുഹമ്മ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കരിപ്പേവെളി സിറില്‍ ചന്ദ്രന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പോലീസ് പ്രതികളിലൊരാളെ പിടികൂടിയത്. സംഘത്തില്‍പ്പെട്ട ഗുജറാത്ത് സ്വദേശിനിയുള്‍പ്പെടെയുള്ളവരെ പിടികൂടാനുണ്ട്.
ഓഹരിയില്‍ നിക്ഷേപിക്കാനായി ഗുജറാത്തു സ്വദേശിനിയുള്‍പ്പെടെയുള്ളവര്‍ സിറില്‍ ചന്ദ്രനില്‍നിന്ന് പണം ഓണ്‍ലൈനായി വാങ്ങിയിരുന്നു. എന്നാല്‍, പണം ഓഹരിയില്‍ നിക്ഷേപിച്ചില്ല. തുടര്‍ന്നാണ് താന്‍ തട്ടിപ്പിനിരയായതെന്ന് സിറില്‍ ചന്ദ്രനു മനസ്സിലായത്.
സിറിലിന്റെ അക്കൗണ്ടില്‍നിന്നുള്ള പണം ആറുപേര്‍ പിന്‍വലിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഗുജറാത്ത് സ്വദേശിനി പിന്‍വലിച്ച നാലുലക്ഷം രൂപ അറസ്റ്റിലായ ഫര്‍ഹത്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു. ഇതില്‍ രണ്ടുലക്ഷം അവര്‍ പിന്‍വലിക്കുകയുംചെയ്തു. തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.