ഓണ്‍ലൈൻ തട്ടിപ്പിൽ നഷ്ടം ലക്ഷങ്ങൾ; കബളിപ്പിക്കപ്പെട്ടത് ബാങ്ക് മാനേജരും എൻജിനിയറും
തിരുവനന്തപുരം: കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെയര്‍ േ്രടഡിങ് ലാഭം, ഓണ്‍ലൈന്‍ ജോലി എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മണ്ണന്തല സ്വദേശിയായ ഗവ. എന്‍ജിനിയറെയും തിരുവല്ലം സ്വദേശിയായ ബാങ്ക് മാനേജരെയും കബളിപ്പിച്ചത്.
എന്‍ജിനിയര്‍ക്ക് 7.70 ലക്ഷം രൂപയും ബാങ്ക് മാനേജര്‍ക്ക് ഏഴുലക്ഷം രൂപയും നഷ്ടമായി. രണ്ടു പേരുടെയും പരാതികളില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്‍ജിനിയറുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലെ വ്യാജ വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തു. അംഗീകൃത ഷെയര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മൊബൈല്‍ ഫോണില്‍ ട്രേഡിങ് ആപ്പ് ആണെന്ന് പറഞ്ഞ് ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ആദ്യമൊക്കെ പണം കിട്ടിയതോടെ എന്‍ജിനിയര്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങി. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അക്കൗണ്ടില്‍നിന്ന് 7.70 ലക്ഷം രൂപ നഷ്ടമായിരുന്നു.
ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ് ബാങ്ക് മാനേജര്‍ തട്ടിപ്പുകാരുടെ വലയിലായത്. ബിറ്റ് കോയിനില്‍ ഇയാളെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചു. പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.