മഞ്ചേശ്വരത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കാസർകോട്: കാറും ആംബുലൻസും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും ദാരുണമായി കൊല്ലപ്പെട്ട അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പെ മഞ്ചേശ്വരത്ത് വീണ്ടും അപകടം. കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കർണ്ണാടക സ്വദേശിയും മംഗളൂരുവിലെ ഫ്ളാറ്റിൽ താമസക്കാരനുമായ വിപിൻ (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 3.30 മണിയോടെ ഹൊസങ്കടി ദേശീയപാതയിലാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. മരിച്ചയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മൃതദേഹം മംഗ്ളൂരു വെൻലോക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് കുഞ്ചത്തൂരിൽ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കാസർകോട്ട് നിന്ന് അപകടത്തിൽ പരിക്കേറ്റ യുവതിയേയും കൊണ്ട് പോവുകയായിരുന്ന ആംബുലൻസ് എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അന്നത്തെ അപകടം. കാർ യാത്രക്കാരായ തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശികളാ ശിവകുമാർ മേനോൻ (54), മക്കളായ ശരത് (22), സൗരവ് (15) എന്നിവരാണ് മരിച്ചത്.