വയനാട്: സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ തള്ളി. അപ്പീൽ തള്ളിക്കൊണ്ട് വത്തിക്കാനില്‍ നിന്നും സിസ്റ്റർക്ക് മറുപടി ലഭിച്ചു. സഭാ നടപടികള്‍ക്ക് എതിരെയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര അപ്പീല്‍ നല്‍കിയത്. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പൗരസ്ത്യ തിരുസംഘത്തിന് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ അപ്പീല്‍ അയച്ചിരുന്നു. സഭയ്ക്കെതിരായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സഭയില്‍നിന്നു പുറത്താക്കികൊണ്ടുള്ള നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സിസ്റ്റര്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍ അപ്പീല്‍ നല്കി രണ്ടുമാസം പിന്നിട്ടപ്പോള്‍ സിസ്റ്ററുടെ ആവശ്യം തള്ളിക്കൊണ്ട് സഭ മറുപടി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ ഒരു കാരണവശാലും മഠത്തില്‍നിന്നും ഇറങ്ങില്ലെന്നും വത്തിക്കാനിലെ ഉന്നത സഭാഅധികൃതർക്ക് വീണ്ടും അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെ നല്കിയ രണ്ടാമത്തെ അപ്പീലാണ് വത്തിക്കാന്‍ വീണ്ടും തള്ളിയിരിക്കുന്നത്. ദാരിദ്ര്യവൃതം ലംഘിച്ചു, ചുരിദാർ ധരിച്ചു, ചാനല്‍ ചർച്ചകളില്‍ പങ്കെടുത്തു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യസ്ത സഭ വയനാട് കാരയ്ക്കാമല മഠത്തിലെ കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റർ ലൂസി കളപ്പുരയെ സഭയില്‍നിന്ന് പുറത്താക്കിയത്.