കൊച്ചിയിൽ കടയിൽ കയറി യുവാവിനെ കുത്തിക്കൊന്നു
കൊച്ചി: എറണാകുളം തോപ്പുംപടിയിൽ കടയിൽ കയറി യുവാവിനെ കുത്തിക്കൊന്നു. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാലിനാണ് മരിച്ചത്. തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് ആക്രമണം നടത്തിയത്. ബിനോയ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തി കത്തി കൊണ്ട് പലതവണ കുത്തുകയായിരുന്നു. മുൻവെെരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വെെകിട്ടാണ് ബിനോയ് സ്റ്റാലിന് നേരെ ആക്രണം ഉണ്ടാക്കുന്നത്. ബിനോയിയെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് അലൻ എത്തിയത്. അലൻ പിന്നിൽ കത്തി വച്ചുകൊണ്ടാണ് ബിനോയിയോട് സംസാരിക്കുന്നത്. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതിന് പിന്നാലെ അലൻ കത്തിയെടുത്ത് ബിനോയിയുടെ ശരീരത്തിൽ പലതവണ കുത്തിയിറക്കുകയായിരുന്നു.
പ്രകോപനമൊന്നുമില്ലാതെ ബിനോയിയെ അലൻ കത്തികൊണ്ട് പലതവണ കുത്തുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. അതിക്രൂരമായി യുവാവിനെ കുത്തിക്കൊന്ന ശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കത്തി അരയിൽ തിരുകി പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ബിനോയിയെ കൊല്ലുമെന്ന് അലൻ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിനോയ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞിരുന്നു. വീടിന് അടുത്തുള്ള കടയുടെ അകത്തിട്ടാണ് ബിനോയിയെ കുത്തിയത്. 20 തവണ കുത്തുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ബിനോയ് ജോലി ചെയ്യുന്ന കടയിലെ ഉടമയെത്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. പ്രതിയെ പിടികൂടിയാലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.