തലസ്ഥാനം ഭരിക്കുന്ന കുട്ടി ഗുണ്ടകൾ; ലഹരി വിൽപനയും മണ്ണ് മാഫിയയുമെല്ലാം ഇവർ നിയന്ത്രിക്കും
തിരുവനന്തപുരം: ആവേശം സിനിമയിലെ രംഗണ്ണന്മാർ പോലുള്ള ഗുണ്ടാനേതാക്കൾ അടക്കിവാഴുന്ന നാടായി മാറിയിരിക്കുകയാണ് തലസ്ഥാനനഗരം. കുറ്റകൃത്യങ്ങൾ നടത്തുന്ന കുട്ടിക്രിമിനലുകളെ വളർത്തുന്നതും ഇവരാണ്. ലഹരി പദാർത്ഥങ്ങൾ ഉൾപ്പെടെ ആവശ്യമുള്ളതെല്ലാം എത്തിച്ചുകൊടുത്താണ് ഇവരെ സംഘത്തിൽ പിടിച്ചുനിറുത്തുന്നത്. ലഹരി വിൽപന നടക്കുന്നതും ഇവരിലൂടെയാണ്.
ഒരുകാലത്ത് തലസ്ഥാനത്തെ വിറപ്പിച്ചിരുന്ന പുത്തൻപാലം രാജേഷും ഓംപ്രകാശും ഉൾപ്പെടെയുള്ള ഗുണ്ടാനേതാക്കളാണ് ഗുണ്ടാക്കുടിപ്പകയും വെട്ടും കുത്തുമായി നടന്നിരുന്ന സംഘങ്ങളെ ഹൈടെക്ക് ആക്കിയത്. ഇവർ സജീവമല്ലാതായതോടെ ഗുണ്ടാനേതാക്കൾ മണ്ണ് മാഫിയ, റിയൽ എസ്റ്റേറ്റ്, ഉന്നതരുടെ സുരക്ഷ ഏറ്റെടുക്കൽ, ഹൈക്ലാസ് ക്വട്ടേഷൻ എന്നിവയിലേക്ക് തിരിഞ്ഞു.
കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്വാധീനമുള്ള നേതാക്കളുടെ പിൻബലത്തിലാണ് കുട്ടിഗുണ്ടകൾ വിലസുന്നത്. പൊലീസ് ഇവരെ പിടികൂടിയാൽ ജാമ്യത്തിലിറക്കാൻ ഉടൻ ആളെത്തും. നേതാക്കളുടെ പേരുപറഞ്ഞ് പൊലീസിനെപ്പോലും ഇവർ വിറപ്പിക്കും. മണ്ണടിക്കാനും റിയൽ എസ്റ്റേറ്റ് ജോലികൾക്കും ഗുണ്ടാ നേതാക്കൾ ഉപയോഗിക്കുന്നതും കുട്ടി ഗുണ്ടകളെയാണ്.
ആ കൈകളിൽ എല്ലാം ഭദ്രം!
നഗരത്തിലെ അനധികൃത മണ്ണടിക്കൽ പൂർണമായും നിയന്ത്രിക്കുന്നത് പഴയ ഗുണ്ടാ നേതാക്കളാണ്. വിവിധ വകുപ്പുകളുടെ അനുമതിയോടെ മാത്രമേ മണ്ണടിക്കാവൂയെന്നിരിക്കെ ഇവർക്ക് പണം നൽകിയാൽ മറ്റൊന്നും സ്ഥലമുടമ അറിയേണ്ട. എന്നാൽ ഇവരുടെ ഇടപെടൽ ഇല്ലാതെ അനുമതിയോടെ മണ്ണടിച്ചാൽ പോലും പൊലീസുകാർ ഉടക്കിടും. പൊലീസും ഗുണ്ടാനേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇത് തെളിയിക്കുന്നത്. കുട്ടിഗുണ്ടകളുടെ നേതൃത്വത്തിലാണ് അർദ്ധരാത്രിയും പുലർച്ചെയും ഉൾപ്പെടെ മണ്ണടിക്കൽ നടക്കുന്നത്.
മക്കളും രംഗത്ത്
പഴയ ഗുണ്ടകൾ ഒതുങ്ങിയെങ്കിലും ഇവരുടെ മക്കൾ ഇപ്പോൾ സജീവമാണ്. കഴിഞ്ഞ ദിവസം നടന്ന അഖിൽ കൊലക്കേസിലും 2019ലെ അനന്തു ഗിരീഷ് കൊലക്കേസിലും പ്രതിയായ കിരൺ കൃഷ്ണ എന്ന ബാലു ഈ രംഗത്തേക്ക് വഴിതെറ്റി വന്നതല്ലെന്ന് പൊലീസ് പറയുന്നു. 2007ൽ നാടിനെ നടുക്കിയ മൊട്ടമൂട് ഷാജി വധക്കേസിലെ പ്രതിയായ കണ്ണന്റെ മകനാണ് കിരൺ. അനന്തുഗിരീഷ് വധത്തിൽ പൊലീസിനെ പ്രതികളിലേക്ക് വേഗമെത്തിക്കാൻ സഹായിച്ചത് കണ്ണന്റെ മകൻ ഇക്കൂട്ടത്തിലുണ്ടെന്ന് കണ്ടെത്തിയതിലൂടെയാണ്. ചെറിയ അക്രമങ്ങളിലൂടെ കളത്തിലിറങ്ങിയ കിരൺ കൃഷ്ണൻ പിന്നീട് കൊടും ക്രിമിനലായെന്ന് പൊലീസ് പറയുന്നു.