കോടികളുമായി മുങ്ങിയ സഹകരണ സംഘം സെക്രട്ടറി ബംഗളൂരുവിൽ നിന്നു കടന്നു കളഞ്ഞു; ഹാസനിൽ പൊലീസ് തെരച്ചിൽ
കാസർകോട്: സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സെക്രട്ടറി കർമ്മ ന്തൊടി, ബാളക്കണ്ടത്തെ കെ.രതീശൻ ബംഗളൂരുവിൽ നിന്നും കടന്നു കളഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇയാൾ ബംഗ്ളൂരുവിൽ നിന്നു 120 കിലോമീറ്റർ അകലെയുള്ള ഹാസനിൽ പൊങ്ങിയതായി കണ്ടെത്തി. ഇയാളെ കണ്ടെത്താൻ ആദൂർ പൊലീസ് ഹാസനിൽ എത്തിയിട്ടുണ്ട്. പൊലീസിനു പിടി കൊടുക്കാതിരിക്കുന്നതിനാണ് രതീശൻ ഒളിത്താവളം മാറി കൊണ്ടിരിക്കുന്നതെന്നു സംശയിക്കുന്നു. വ്യാജരേഖകൾ ഉണ്ടാക്കി സഹകരണ സംഘത്തിൽ നിന്ന് പ്രതി 4.76 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇയാളെ കണ്ടെത്തിയാലേ തട്ടിപ്പിനു മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നു വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു