പ്രണയഭ്യർഥന നിരസിച്ചു; ഹുബ്ബള്ളിയിൽ 20 കാരിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു.
കർണാടക ഹുബ്ബള്ളിയിൽ 20 കാരിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു.പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതി ഗിരീഷ് സാവന്തി(24)നെ പൊലീസ് പിടികൂടി. അഞ്ജലി അംബിഗേരയെന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 5.30ന് വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം പ്രതി വിദ്യാർഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ വിദ്യാർഥിനി ഇത് നിരസിച്ചു. ഇതിന് ശേഷം വിദ്യർഥിനിയെ പ്രതി ശല്യപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. വിദ്യാർഥിനിയുടെ ബന്ധുക്കൾ വിഷയത്തിൽ ഇടപെടുകയും ശല്യം ചെയ്താൽ പൊലീസിൽ പരാതി നൽകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ പൊലീസ് സമാധാനിപ്പിച്ച് വിടുകയായിരുന്നു. അടുത്തിടെ ഹുബ്ബള്ളിയിൽ കോളേജ് കാമ്പസിൽ ക്രൂരമായി കുത്തേറ്റു മരിച്ച നേഹ ഹിരേമത്തിന് സംഭവിച്ച അതേ ഗതി തന്നെ തനിക്കും നേരിടേണ്ടി വരുമെന്ന് പറഞ്ഞ് പ്രതി കഴിഞ്ഞ ദിവസം യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂര കൊലപാതകം നടത്തിയത്. തടയാൻ ശ്രമിച്ച ബന്ധുക്കളെയും പ്രതി ആക്രമിച്ചു. യുവതിയുടെ മുത്തശ്ശിയും രണ്ട് സഹോദരിമാരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവർ നോക്കി നിൽക്കേയാണ് പ്രതി അടുക്കളയിൽ വച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. മുറിയിൽ വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടുകയും കുത്തുകയും ചെയ്തു. കൃത്യത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. പ്രതിക്ക് മോഷണക്കേസുകളിൽ പങ്കുണ്ടെന്നും ബൈക്ക് മോഷ്ടാവ് കൂടിയാണെന്നും പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മാതാപിതാക്കളെ അറിയിക്കാതെ അഞ്ജലിയെ മൈസൂരുവിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു പ്രതി. പ്രണയം നിരസിച്ചതിന്റെ പേരിലുള്ള ഹുബ്ബള്ളിയിലെ രണ്ടാമത്തെ കൊലയാണിത്.