കോടികൾ തട്ടിയിട്ടും സാധാരണക്കാരനെ പോലെ നടന്നു; പാർട്ടി സ്വാധീനം ആയുധമാക്കി; രതീശൻ തട്ടിയ പണം നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റിൽ
കാസർകോട്: സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ്
വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ
സെക്രട്ടറി കെ.രതീശൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി പ്രാഥമിക സൂചന. റിയൽ
എസ്റ്റേറ്റ് ഏജന്റ്മാർ ഉയർന്ന പലിശയ്ക്ക് പണം നൽകുകയായിരുന്നു എന്നാണ് കരുതുന്നത്.
തട്ടിയെടുത്ത തുക ഉപയോഗിച്ച് വയനാട്ടിലും ബംഗളൂരുവിലുമാണ് ഇയാൾ നിക്ഷേപം
നടത്തിയതെന്ന വിവരമാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്നത്. വയനാട്ടിലും
ബംഗളൂരുവിലും ഭൂമി വാങ്ങിക്കൂട്ടിയതായും വിവരമുണ്ട്. ഇത് സംബന്ധിച്ചുള്ള രേഖകൾ
പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം കോടികൾ തട്ടിയിട്ടും ജീവിതരീതിയിൽ മാറ്റം ഒന്നും
വരാത്തത് സംശയത്തിന് ഇടയാക്കിയില്ല, പഴയ മാരുതി 800 കാർ ആയിരുന്നു നേരത്തെ
ഉണ്ടായിരുന്നത്. പഴയ കാർ വിറ്റ് കാനറാ ബാങ്കിൽ നിന്ന് വായ്പ എടുത്താണ് സെക്കൻഡ് ഹാൻഡ്
കാർ വാങ്ങിയിരിക്കുന്നത്. വീടിനു മോടി കൂട്ടുകയോ, ആഡംബര വസ്ത്രങ്ങൾ വാങ്ങുകയോ
ചെയ്തിട്ടില്ല. രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സമൂഹത്തിൽ നേടിയെടുത്ത അംഗീകാരവും
വിശ്വാസ്യതയുമാണ് രതീശൻ തട്ടിപ്പിന് ആയുധമാക്കിയത്.സിപിഎമ്മിന്റെ മുള്ളേരിയ ലോക്കൽ
കമ്മിറ്റി അംഗമായ രതീശന്റെ നീക്കം പാർട്ടി പോലും അറിയാതെയായിരുന്നു. അതേസമയം
ഒരാൾക്ക് ഒറ്റയ്ക്ക് ഇത്ര വിപുലമായ രീതിയിൽ തട്ടിപ്പ് നടത്താൻ കഴിയുമോ എന്നതാണ് ഉയരുന്ന
ചോദ്യം. ഇല്ലാത്ത ആളുകളുടെ പേരിൽ സ്വർണ വായ്പ എടുത്തും. അപെക്സ് ബാങ്ക് സൊസൈറ്റിക്ക്
നൽകിയ പണം സ്വന്തമാക്കിയുമാണ് തട്ടിപ്പ് നടത്തിയത്. പണയം വച്ച സ്വർണ്ണം രതീശൻ
കടത്തിക്കൊണ്ട് പോയിട്ടുമുണ്ട്. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ്
കണ്ടെത്തിയത്. തുടർന്ന് സഹകരണ സംഘം പ്രസിഡന്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.ഒളിവിൽ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ബംഗളൂരുവിൽ അടക്കം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.