പണയസ്വര്‍ണം കടത്തി;സി.പി.എം നിയന്ത്രണത്തിലുള്ള സഹ.സംഘത്തില്‍ സെക്രട്ടറി നടത്തിയത് കോടികളുടെ തട്ടിപ്പ്
കാസർകോട് : സി.പി.എം. നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണസംഘത്തിൽ രണ്ടുവർഷത്തോളമായി നടത്തിയ തട്ടിപ്പിനാണ് കഴിഞ്ഞദിവസം പിടിവീണതെന്നാണ് സഹകരണവകുപ്പിന്റെ പരിശോധനയിൽ ലഭിക്കുന്ന വിവരം. 2022 മുതൽ പലഘട്ടങ്ങളായി പണം തിരിമറി നടത്തിത്തുടങ്ങിയിരുന്നു. ഏപ്രിൽ 30-ന് സഹകരണ ഇൻസ്പെക്ടറുടെ പരിശോധനയിലാണ് പണയസ്വർണത്തിലുടക്കി തട്ടിപ്പ് പുറത്തറിയുന്നത്. ഈ സമയം സെക്രട്ടറി കർമന്തോടിയിലെ കെ. രതീശനും കുടുംബവും വിനോദയാത്രയിലായിരുന്നു. പണയസ്വർണം കാണാതായതിനാൽ സംഘം സെക്രട്ടറിയോട് അവധിയിൽ പോകാൻ വകുപ്പ് ആവശ്യപ്പെട്ടു. തുടർന്നാണ് വിശദമായ പരിശോധന നടന്നത്. അതിൽ 42 പേരുടെ വ്യാജ സ്വർണപ്പണയമുണ്ടാക്കിയാണ് പണം തട്ടിയെടുത്തതെന്ന് വ്യക്തമായി.
മാർച്ചിലെ നിക്ഷേപസമാഹരണത്തിൽ ലക്ഷ്യമിട്ടതിലും കൂടുതൽ തുക നിക്ഷേപമായി സ്വീകരിച്ച് അപെക്സ് ബാങ്കായ കേരള ബാങ്കിലെ കാഷ് ക്രെഡിറ്റ് (സി.സി.) വായ്പയുടെ തിരിച്ചടവ് തീർത്തു. പിന്നീടാണ് മൂന്നുകോടിയുടെ പുതിയ സി.സി. വായ്പ അനുവദിക്കുന്നതും അതിൽനിന്ന് 1.94 കോടി തട്ടിയെടുത്തതും.
ഭരണസമിതി പ്രസിഡന്റുമാർ പൊതുപ്രവർത്തകരായതിനാൽ അത്യാവശ്യ കാര്യങ്ങൾക്കായി ചെക്കുകളിൽ ഒപ്പിടാറുണ്ട്. ഇങ്ങനെ വിശ്വസിച്ച് ഒപ്പിട്ടുകൊടുത്ത ചെക്ക് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. സംഘം സെക്രട്ടറിയെ ഒരു ഘട്ടത്തിലും ആരും സംശയിച്ചിരുന്നില്ല. സംഘം സ്ഥാപിച്ചകാലംമുതലുള്ള മികച്ച പ്രവർത്തനങ്ങളെത്തുടർന്ന് കിന്നിംഗാറിൽ ഒരു ശാഖയും അടുത്തിടെ തുറന്നിരുന്നു.