യുവാവിനെ കല്ലും കമ്പും കൊണ്ടടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളും പിടിയിൽ;അഞ്ചുപേരെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: കരുമം ഇടഗ്രാമത്തിൽ യുവാവിനെ കല്ലും കമ്പും കൊണ്ടടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എട്ടു പ്രതികളും പിടിയിൽ. ആറാം പ്രതി തളിയൽ അരശുംമൂട് സ്വദേശി അഭിലാഷ്(35), അരശുംമൂട് സ്വദേശി അരുൺബാബു(27) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇവർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരല്ല. ഇവർക്ക് ഗൂഢാലോചനയിലും പ്രതികളെ രക്ഷിച്ചതിലും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
കേസിലെ പ്രധാന പ്രതികളായ കൈമനം പുത്തൻതോപ്പിൽ ലക്ഷംവീട്ടിൽ വിനീഷ് രാജ് എന്നുവിളിക്കുന്ന വിനീത്(25), രണ്ടാം പ്രതി കൈമനം അരകത്ത് വിളവീട്ടിൽ സ്വദേശി അഖിൽ അപ്പു(26), മൂന്നാം പ്രതി പെരിങ്ങമല മംഗലത്തുകോണം രമ്യാ ഭവനിൽ സുമേഷ്(30) എന്നിവരടക്കം അഞ്ചുപേരെയും റിമാൻഡ് ചെയ്തു.
ഇവർ മൂന്നുപേരും ചേർന്നാണ് അഖിലിനെ ആക്രമിച്ചത്. അഖിൽ അപ്പുവാണ് കോൺക്രീറ്റ് കല്ലുപയോഗിച്ച് അഖിലിനെ ക്രൂരമായി ആക്രമിച്ചത്. വിനീഷാണ് കമ്പുപയോഗിച്ച് അഖിലിന്റെ തല അടിച്ചുപൊട്ടിച്ചത്.2019ലെ കരമനയിൽ അനന്തു എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പുരയിടത്തിൽ െവച്ച് മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവരെല്ലാം. ഈ കേസിൽ നെടുമങ്ങാട് പട്ടികജാതി- പട്ടികവർഗ പ്രത്യേക കോടതിയിൽ ഹാജരായി തിരികെവരുമ്പോഴാണ് അഖിലിനെ കൊലപ്പെടുത്തിയത്.
കോടതിയിൽനിന്നു തിരികെ കരമനയിലെത്തി അഭിലാഷിന്റെ വീട്ടിൽ പ്രതികൾ ഒരുമിച്ചിരുന്നു മദ്യപിച്ചുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് മരുതൂർക്കടവ് പാലത്തിനു സമീപത്തുവെച്ചാണ് അഖിലിനെ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. തിരഞ്ഞെടുപ്പ് ദിവസം രാത്രി പാപ്പനംകോട്ടെ ഒരു ബാറിൽ വച്ചുണ്ടായ സംഘർഷത്തിന്റെ മുൻവൈരാഗ്യത്തിലായിരുന്നു ആക്രമണം.