സ്നേഹംകൊണ്ട് സമ്പന്നന്; അഞ്ചുപേര്‍ക്ക് പുതുജീവനേകി സുനില്‍കുമാര്‍ യാത്രയായി
തൊടുപുഴ (ഇടുക്കി) : നിര്ധനനായിരുന്നെങ്കിലും സുനില്‍കുമാറിന്റെ ഹൃദയം സഹജീവികളോടുള്ള സ്നേഹംകൊണ്ട് സമ്പന്നമായിരുന്നു. അതുകൊണ്ടാണ് മരണശേഷവും അദ്ദേഹത്തിന് അഞ്ച് മനുഷ്യര്‍ക്ക് പുതുജീവനും വെളിച്ചവും പകരാന്‍ നിമിത്തമാകുന്നത്.
തലച്ചോറിലെ അണുബാധയെത്തുടര്‍ന്ന് മരിച്ച കരിങ്കുന്നം അരീക്കല്‍ എ.കെ.സുനില്‍കുമാറിന്റെ (45) രണ്ടുകണ്ണും രണ്ട് വൃക്കയും കരളുമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ദാനംചെയ്യുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഞായറാഴ്ച രാത്രി ആശുപത്രിയിലെത്തി. ശസ്ത്രക്രിയ രാത്രി വൈകിയും പുരോഗമിക്കുകയാണ്. അവയവങ്ങള്‍ കോട്ടയത്തെയും എറണാകുളത്തെയും മൂന്ന് ആശുപത്രികളിലുള്ള അഞ്ച് രോഗികള്‍ക്ക് മാറ്റിവെയ്ക്കും.
പുകയില്ലാത്ത അടുപ്പുകള്‍ സ്ഥാപിക്കുന്ന ജോലിചെയ്തിരുന്ന സുനില്‍കുമാറിന് ചെവിയിലാണ് ആദ്യം അണുബാധയുണ്ടായത്. ഇത് പിന്നീട് തലച്ചോറിലേക്ക് ബാധിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ സുഹൃത്തുക്കളും ബന്ധുക്കളും തിരുവനന്തപുരം ആര്‍ഷവിദ്യാ സമാജം ആശ്രമവുമൊക്കെയാണ് സഹായിച്ചത്.
ശസ്ത്രക്രിയ വിജയകരമാകുകയും തുടര്‍ചികിത്സയ്ക്കായി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം ഹൃദയാഘാതവും ശ്വാസകോശാഘാതവും ഉണ്ടായി. തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
തന്റെ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ആഗ്രഹം സുനില്‍കുമാര്‍ പലപ്പോഴും സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുമായിരുന്നു. ആ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്ന് മൃതസഞ്ജീവനിയില്‍ വിവരം അറിയിക്കുകയായിരുന്നു.
സുനില്‍കുമാര്‍ അവിവാഹിതനാണ്. പരേതനായ കൃഷ്ണനാണ് അച്ഛന്. അമ്മ: കുമാരി. സഹോദരങ്ങള്‍: അനില്‍കുമാര്‍, പരേതനായ വിമല്‍കുമാര്‍