കന്യാകുമാരിയില്‍നിന്ന് കാണാതായ ഏഴ് വയസ്സുകാരിയെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി
തിരുവനന്തപുരം: കന്യാകുമാരി കടല്‍ത്തീരത്തുനിന്നും കഴിഞ്ഞ ദിവസം കാണാതായ അഞ്ചുവയസ്സുകാരിയെ കണ്ടെത്തി. കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തിവന്നിരുന്ന അന്യസംസ്ഥാനക്കാരുടെ മകളെയാണ് തിങ്കളാഴ്ച രാവിലെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതലായിരുന്നു കുട്ടിയെ കാണാതായത്.
രക്ഷിതാക്കള്‍ പല സ്ഥലങ്ങളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കന്യാകുമാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
രാവിലെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഒരു പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് ‘ യാത്രികരാണ് നെയ്യാറ്റിന്‍കര പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിനോട് വിവരം ചോദിച്ചറിഞ്ഞതിനു ശേഷം കന്യാകുമാരിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കന്യാകുമാരി പോലീസുമായി ബന്ധപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം വൈകിട്ട് ഐസ്ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒരാള്‍ എടുത്തുകൊണ്ടുപോയെന്നാണ് കുട്ടി പറഞ്ഞത്. കുഞ്ഞിനെ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് തട്ടിക്കൊണ്ടുവരുന്നതിനിടയ്ക്ക് നെയ്യാറ്റിന്‍കരയില്‍ ഉപേക്ഷിച്ചതാവാമെന്നാണ് പോലീസിന്റെ നിഗമനം