400 കിലോ തങ്കം, 15 കോടി രൂപ ; കനേഡിയന്‍ മണി ഹീസ്റ്റിൽ ഒരു ഇന്ത്യന്‍ വംശജന് കൂടി അറസ്റ്റില്‍
ഓട്ടവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന് കൂടി അറസ്റ്റില്‍. 36 വയസ്സുകാരന് ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പോലീസ് അറസ്റ്റുചെയ്തത്.
ഏപ്രില്‍ 17 ന് ആയിരുന്നു സ്വിറ്റ്സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന് പിയേര്‍സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കാനഡ വിമാനത്തിലെത്തിലെത്തിയ കണ്ടെയ്നര്‍ കാര്‍ഗോ കൊള്ളയടിച്ചത്. നാനൂറ് കിലോ തങ്കവും 25 ലക്ഷം കനേഡിയന്‍ ഡോളറുമാണ് (15 കോടി രൂപ) കവര്‍ന്നത്. വ്യാജ രേഖകള്‍ ഹാജരാക്കിയ ശേഷം കണ്ടെയ്നറിലെത്തിയ സ്വര്‍ണവും പണവും കവരുകയായിരുന്നു.
400 കിലോ തൂക്കമുള്ള .9999 പരിശുദ്ധമായ 6600 സ്വര്ണക്കട്ടികളായിരുന്നു കാര്‍ഗോയിലുണ്ടായിരുന്നത്. 25 ലക്ഷം കനേഡിയന്‍ ഡോളറുമുണ്ടായിരുന്നു. വിമാനത്താവളത്തിലെത്തിയ കാര്‍ഗോ അതീവ സുരക്ഷിതമായി ആദ്യം സ്റ്റോറിലേക്ക് മാറ്റിയിരുന്നുവെങ്കിലും കോടികള്‍ വിലമതിക്കുന്ന കാര്‍ഗോ പിന്നീട് അപ്രത്യക്ഷമവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജരായ പരംപാല്‍ സിദ്ധു, അമിത് ജലോട്ട എന്നിവരേയും അമാദ് ചൗധരി, അലി റാസ, പ്രശാന്ത് പരമാലിങ്കം എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കേസുമായി ബന്ധമുണ്ടെന്ന് കണക്കു കൂട്ടി മറ്റുള്ളവര്‍ക്കായി വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പുതിയ അറസ്റ്റ്.
എയര്‍ കാനഡയിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു കവര്‍ച്ച. ഏറെക്കാലമായി വിമാനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ജീവനക്കാരുടെ സഹായത്തോടെ മോഷ്ടാക്കള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം എളുപ്പമാക്കാനും കഴിഞ്ഞു.