രണ്ടു തവണ രക്ഷപ്പെട്ടു; മൂന്നാം തവണയും അതേ സ്ഥാപനത്തിൽ കവർച്ചക്കെത്തിയ മോഷ്ടാക്കൾ നാട്ടുകാരുടെ വലയിൽ കുരുങ്ങി
കാസർകോട്: രണ്ട് തവണയും കവർച്ചാമുതലുകളുമായി രക്ഷപ്പെട്ട മോഷ്ടാക്കൾ മൂന്നാം തവണ നാട്ടുകാരുടെ വലയിൽ കുരുങ്ങി. പൊലീസിനു കൈമാറിയ മോഷ്ടാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടക, ഹാസൻ, ബെളൂരു, അംഗഡിഹള്ളിയിലെ ബബ്രുവാഹൻ എന്ന അശോകൻ (23), തമിഴ്നാട് ശിരിമംഗലം, മാവട്ടം, കല്ലഗു മുച്ചിയിലെ ഹരിശ്ചന്ദ്ര (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പൊസോട്ട്, ബഡാജെയിലെ കരീമിന്റെ ഉടമസ്ഥതയിലുള്ള ഗുജിക്കടയിലാണ് മോഷണം നടന്നത്. ഒരു കിലോ പിത്തള സാധനങ്ങൾ. രണ്ട് സിസിടിവി ക്യാമറകൾ എന്നിവയാണ് മോഷണം പോയത്. മോഷണവസ്തുക്കളുമായി രാത്രി 12 മണിയോടെ മഞ്ചേശ്വരം റെയിൽവെ സ്റ്റേഷനിലെത്തിയ ഇരുവരെയും കണ്ട് നാട്ടുകാർക്ക് സംശയം തോന്നി. കൈവശം ഉണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോൾ പിത്തള സാധനങ്ങളും ക്യാമറകളും കണ്ടു. തുടർന്ന് മഞ്ചേശ്വരം പൊലീസിനെ വിളിച്ചു വരുത്തി ഇരുവരെയും കൈമാറി. പൊലീസ് ചോദ്യം ചെയ്യലിലാണ് കരീമിന്റെ ഗുജിക്കടയിലാണ് കവർച്ച നടന്നതെന്ന് വ്യക്തമായത്. കടയിൽ നിന്നു നേരത്തെ രണ്ട് തവണ കവർച്ച നടന്നിരുന്നു. അന്ന് സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ അശോകനും ഹരിശ്ചന്ദ്രയുമാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.