വീട്ടിൽ എസി ഉള്ളവർ പുറത്തുപോകുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം; കൊല്ലത്ത് ഇരുനിലവീട് കത്തി നശിച്ചു
കൊല്ലം: എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞി ഭാഗത്ത് പള്ളിപ്പറമ്പിൽ ഡെന്നി സാമിന്റെ വീടിനാണ് തീപിടിച്ചത്. ഈ സമയത്ത് കുടുംബം പ്രാർത്ഥനയ്ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി.
കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇത് കേട്ട് സ്ഥലത്തെത്തിയപ്പോഴേക്കും വീടാകെ പുകയിൽ മുങ്ങിയിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികൾ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും അണയ്ക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
പൊട്ടിത്തെറിക്ക് ശേഷം വീട് പുക കൊണ്ട് നിറഞ്ഞതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ഫയർഫോഴ്സ് തീയണച്ചത്. മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കകളും ഉൾപ്പെടെ കത്തി ചാമ്പലായി. എസി പ്രവർത്തിച്ചിരുന്ന മുറി മുഴുവൻ ചാരം കൊണ്ട് മൂടി. ഇരുനില വീട് മുഴുവൻ കരിയും പുകയും പിടിച്ച് നശിച്ച അവസ്ഥയിലാണ്.
കുടുംബം പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടി വച്ചിരുന്നതോ ആകാം പൊട്ടിത്തെറിക്ക് കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ യേശുദാസ്, രമേഷ് ചന്ദ്ര, ഉദ്യോഗസ്ഥരായ മനോജ്, വിജേഷ്, രാജേഷ് ആർ, ഹരിപ്രസാദ്, ഹോം ഗാർഡ് ശിവപ്രസാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.