തലപ്പാടിയിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ ലോറിയിടിച്ച് നാലു പേർക്ക് പരിക്ക്
കാസർകോട്: ഉപ്പളയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി യാത്രക്കാരെ ഇറക്കാൻ നിർത്തിയിട്ട സ്വകാര്യ ബസിലിടിച്ചു. അപകടത്തിൽ രണ്ട് യാത്രക്കാർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉപ്പള ഗേറ്റ് ദേശീയ പാതയിലാണ് അപകടം. തലപ്പാടിയിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഉപ്പള ഗേറ്റിൽ എത്തിയപ്പോൾ യാത്രക്കാരെ ഇറക്കാൻ നിർത്തിയതായിരുന്നു. ഇതിനിടയിൽ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിർത്തിയിട്ട ബസിന്റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. ബസിനകത്ത് കുടുങ്ങിയ ഡ്രൈവർ അഷ്റഫിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ബസ് യാത്രക്കാരായ രണ്ട് പേർക്കും ലോറി ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു. ഫയർഫോഴ്സും പൊലീസുമെത്തി അപകടത്തിനിടയാക്കിയ വാഹനങ്ങൾ നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.