കൊടും ക്രിമനലുകൾ കേരളത്തിലേക്ക് കടന്നതായി സംശയം; കാസർകോട്ടും കണ്ണൂരിലും ട്രെയിനുകളിൽ വ്യാപക പരിശോധന
കാസർകോട്: ബംഗ്ലാദേശിൽ നിന്നുള്ളവരടക്കം നിരവധി ക്രിമിനലുകൾ കേരളത്തിൽ എത്തിയിട്ടുള്ളതായുള്ള റിപ്പോർട്ടുകളെ തുടർന്ന് കാസർകോട്ടും കണ്ണൂരിലും ട്രെയിനുകളിൽ വ്യാപക പരിശോധന. മംഗ്ളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനുകളിൽ ശനിയാഴ്ച രാവിലെയാണ് പരിശോധന നടന്നത്. മൂന്ന് മണിക്കൂറോളം നേരം പരിശോധന തുടർന്നു. ഡി.ഐ.ജി.യുടെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയാണ് പരിശോധനക്ക് ഉത്തരവിട്ടത്. പരിശോധനയിൽ കാസർകോട് ഡിവൈ.എസ്.പിയും ഇൻസ്പെക്ടർമാരും പങ്കെടുത്തു. റെയിൽവെ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന. കേരളത്തിലേക്ക് ജോലി തേടിയെത്തുന്നവരിൽ നല്ലൊരു ശതമാനം ആൾക്കാർക്കും ആവശ്യമായ രേഖകൾ ഇല്ലെന്ന് സംശയിക്കുന്നതായി വിവിധ ഇന്റലിജൻസ് ഏജൻസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ളവർ വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികളെന്നപേരിൽ കഴിയുന്നുണ്ടെന്നും അന്വേഷണത്തിൽ സംശയം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നാൽപതിനായിരത്തിലധികം സിം കാർഡുകളുമായി ഡൽഹി സ്വദേശി മടിക്കേരിയിൽ അറസ്റ്റിലായ സംഭവവും ട്രെയിനുകളിലെ പരിശോധനക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന.