വെട്ടുകത്തിയുമായി വീട്ടിൽക്കയറി ആക്രമണം; കൊലക്കേസ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടി
തിരുവനന്തപുരം (നേമം): വീടിനുമുന്നില്‍ മദ്യപിക്കുന്നത് വിലക്കിയ വിരോധത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിക്കുകയും ഇരുചക്രവാഹനം തീവെച്ച് നശിപ്പിക്കുകയും ചെയ്ത കൊലക്കേസ് പ്രതിയെ നേമം പോലീസ് സാഹസികമായി പിടികൂടി. എസ്റ്റേറ്റ് ചവിച്ചിണിച്ചിവിളയില് താമസിക്കുന്ന അര്ജുന് (30) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി പരാതിക്കാരന്റെ പാപ്പനംകോട് കുഞ്ചുമല മേഘമല്‍ഹാര്‍ വീട്ടില്‍ വെട്ടുകത്തിയുമായി അതിക്രമിച്ച് കടന്ന പ്രതി ഗൃഹനാഥനെ വടികൊണ്ട് മര്‍ദിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.
അക്രമം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നേമം സി.ഐ. പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. മോനിഷ്, എസ്.സി.പി.ഒ. രതീഷ് ചന്ദ്രന്, സി.പി.ഒ.മാരായ ശ്രീകണ്ഠന്, ബിനുജിത്ത് എന്നിവരടങ്ങിയ സംഘമാണ് ആയുധം വീശി റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ മല്പിടിത്തത്തിലൂടെ പിടികൂടിയത്. കൊലക്കേസ് അടക്കം നിരവധി കേസില്‍ അര്ജുന് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.