സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ജോലിയിലേക്ക്; വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിലെ സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങി. അവധിയെടുത്ത ജീവനക്കാർ ഫിറ്റിനസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ തുടങ്ങി. കേരളത്തിൽ നിന്നടക്കമുള്ള സർവീസുകൾ മുടക്കം ഇല്ലാതെ തുടരും.
രണ്ട് ദിവസത്തിനകം സർവീസുകൾ സാധാരണ നിലയിലായി തുടങ്ങും. ഇന്നലെ ദില്ലി റീജനൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുപക്ഷവും ധാരണപത്രം ഒപ്പിട്ടത്. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കും.