കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്:പിടിച്ചെടുത്തത് 40,000 സിംകാര്‍ഡുകള്‍
മലപ്പുറം: 1.08 കോടി രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് സിംകാര്‍ഡ് എത്തിച്ചുകൊടുക്കുന്ന മുഖ്യ സൂത്രധാരന്‍ പിടിയില്‍. ഡല്‍ഹി സ്വദേശി അബ്ദുള്‍റോഷനെ (46) മലപ്പുറം സൈബര്‍ ക്രൈം പോലീസ് കര്‍ണാടക മടിക്കേരിയിലെ വാടക ക്വര്‍ട്ടേഴ്സില്‍നിന്നാണ് അറസ്റ്റുചെയ്തത്.
1.08 കോടി നഷ്ടമായെന്ന വേങ്ങര സ്വദേശിയുടെ പരാതിയാണ് തട്ടിപ്പു സംഘത്തിലേക്കു വഴിതുറന്നതെന്ന് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് പറഞ്ഞു. ഓണ്‍ലൈന്‍ വ്യാജ ഷെയര്‍ മാര്‍ക്കറ്റ് വെബ്സൈറ്റിലൂടെ പണം തട്ടിയെടുത്ത സംഘത്തിന് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയത് റോഷനാണ്. ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ സൈബര്‍ ഇന്‍സ്പെക്ടര്‍ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വേങ്ങര സ്വദേശി ഫെയ്സ്ബുക്കിലാണ് വ്യാജ ഷെയര്‍മാര്‍ക്കറ്റ് സൈറ്റിന്റെ ലിങ്ക് കണ്ടത്. ക്ലിക്ക് ചെയ്തപ്പോള്‍ വമ്പന്‍ ഓഫറുകള്‍ നല്കി വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിച്ചു. ലാഭവിഹിതം നല്‍കാതെ കബളിപ്പിച്ച് പണം തട്ടിയതാണ് കേസിനാസ്പദമായ സംഭവം.
റോഷനില്‍ നിന്ന് വിവിധ മൊബൈല്‍ കമ്പനികളുടെ നാല്‍പ്പതിനായിരത്തിലധികം സിംകാര്‍ഡുകള്‍, നൂറ്റെണ്‍പതിലധികം മൊബൈല്‍ഫോണുകള്‍, ആറ് ബയോമെട്രിക് സ്കാനര്‍ എന്നിവയും പിടിച്ചെടുത്തു.
ഒരു മൊബൈല്‍ കമ്പനിയുടെ വിതരണക്കാരനായ റോഷന് ഒരു യുവതിയുടെ പേരില്‍ വ്യാജമായി എടുത്ത സിംകാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പുനടത്തിയത്. സിംകാര്‍ഡ് എടുക്കാന്‍ ഷോപ്പില്‍ എത്തുന്നവര്‍ അറിയാതെ അവരുടെ പേരില്‍ മറ്റു കമ്പനികളുടെയും സിമ്മുകള്‍ ഇയാള്‍ എടുക്കും. കാര്‍ഡുകള്‍ ആക്ടീവായാല്‍ തട്ടിപ്പുകാര്‍ക്ക് കൈമാറും.
വിവിധ സാമൂഹികമാധ്യമ, വാണിജ്യ പ്ലാറ്റ്ഫോമുകളില്‍ വ്യാജ അക്കൗണ്ടുകള്‍ തുറക്കാന്‍ തട്ടിപ്പുകാര്‍ക്ക് ഒ.ടി.പി.കള്‍ കൈമാറുകയാണ് പ്രതിയുടെ രീതി.
40,000 സിംകാര്‍ഡുകളും 180 മൊബൈല്‍ ഫോണുകളും പിടിച്ചു