പരിഷ്കരണത്തിനെതിരായ പ്രതിഷേധം; ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി, മന്ത്രി വിദേശത്തുതന്നെ
കോഴിക്കോട്: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസത്തേയ്ക്ക് കടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും പ്രതിഷേധ സമരങ്ങൾ നടന്നു. കോഴിക്കോട് മുക്കം ഡ്രൈവിംഗ് ഗ്രൗണ്ടിൽ പ്രതിഷേധ പ്രകടനമുണ്ടായി.
ജില്ലകളിലെ ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ തടസപ്പെട്ടു. കോഴിക്കോട് ടെസ്റ്റ് നടക്കുന്ന ഏഴ് കേന്ദ്രങ്ങളാണുള്ളത്. ഇതിൽ പലയിലങ്ങളിലും ഇന്ന് ടെസ്റ്റ് നടന്നില്ല. മുക്കത്ത് ഡ്രൈംവിഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രാവിലെതന്നെ പ്രതിഷേധം തുടങ്ങി.
കണ്ണൂർ തലശേശി സബ് ആർടിഒ ഓഫീസിന് മുന്നിലും ഇന്ന് പ്രതിഷേധ പ്രകടനം നടന്നു. ഡ്രൈവിംഗ് ഇൻസ്ട്രക്ടേഴ്സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്. പരിഷ്കാരങ്ങളിൽ മാറ്റം വരുന്നതുവരെ അനിശ്ചിതകാലത്തേയ്ക്ക് സമരം തുടരുമെന്നാണ് സംയുക്ത സമരസമിതി അറിയിക്കുന്നത്.
ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമിതി സമരം തുടരുമ്പോൾ, ടെസ്റ്റ് എന്ന് പുനരാരംഭിക്കാനാവുമെന്ന് മോട്ടോർ വാഹന അധികൃതർക്കും നിശ്ചയമില്ല. പരിഹാരം കാണേണ്ട ഗതാഗത മന്ത്രി കെ.ബി.ഗണേശ്കുമാർ ഇന്തോനേഷ്യയിൽ ടൂറിലാണ്. ഒരാഴ്ചയ്ക്കുശേഷമേ മടങ്ങിയെത്തുകയുള്ളൂ.
ആകെ 86 കേന്ദ്രങ്ങളിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നത്. ഏപ്രിൽ വരെ പ്രതിദിനം 100 ടെസ്റ്റ് നടന്നിരുന്നു. എന്നാൽ മേയ് രണ്ടുമുതൽ ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറച്ചു. ഇതോടെ സമരമായി. തുടർന്ന് എണ്ണം ദിവസം നാല്പതാക്കി. പക്ഷേ, അറുപതാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സമരം പിൻവലിച്ചാലും മുൻകൂർ സ്ലോട്ട് നൽകിയതിനാൽ ടെസ്റ്റ് മുടങ്ങിയവരുടെ കാര്യത്തിൽ പ്രത്യേക തീരുമാനം വേണം.