പൊലീസ് പിൻവാങ്ങിയപ്പോൾ എല്ലാം അവസാനിച്ചെന്ന് കരുതി, പക്ഷേ രാത്രി എല്ലാം പെട്ടെന്നായിരുന്നു: നടന്നത് അവിശ്വസനീയ സംഭവങ്ങൾ
കൊച്ചി: റോഡുതടഞ്ഞ് പിടികൂടാനുള്ള ശ്രമത്തിനിടെ കാറിൽ ചീറിപ്പാഞ്ഞെത്തിയ മയക്കുമരുന്നുസംഘം പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. കൈയ്ക്ക് പരിക്കേറ്റിട്ടും ദൗത്യത്തിൽനിന്ന് പിന്തിരിയാതെ എസ്.ഐയും സംഘവും കാർ ഉപേക്ഷിച്ച് മുങ്ങിയ പ്രതികളിൽ ഒരാളെ മണിക്കൂറുകൾക്കകം മട്ടാഞ്ചേരിയിൽ നിന്ന് അറസ്റ്റുചെയ്തു. തോപ്പുംപടി എസ്.ഐ ടിജോയുടെ ഇടതുകൈയ്ക്കാണ് പരിക്കേറ്റത്. സി.പി.ഒമാരായ സിജു വർഗീസ്, ജോർജ് സാംസൺ എന്നിവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എറണാകുളം റൂറൽ-കൊച്ചി സിറ്റി പൊലീസ് സംയുക്ത ഓപ്പറേഷനിടെയായിരുന്നു സംഭവം.
ആലുവ ചെങ്ങമനാട് വാഹന പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസിലായിരുന്നു ഓപ്പറേഷൻ. ഫോർട്ടുകൊച്ചി സ്വദേശി ആഷിഖാണ് (30) അറസ്റ്റിലായത്. തുടർന്ന് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി കൊടികുത്തുപറമ്പ് വീട്ടിൽ സനൂപ് (26), ചക്കരയിടത്ത് അൻസിൽ (23), മട്ടാഞ്ചേരി ഷിനാസ് (25), പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ച ഫോർട്ടുകൊച്ചി ചെമ്പിട്ട വീട്ടിൽ ഷഹീൽ ഖാൻ (27), കാഞ്ഞൂർ പാറപ്പുറം കണേലി മുഹമ്മദ് അസ്ലം (24) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്.
ഇന്നലെ പുലർച്ചെ നാലരയോടെ തോപ്പുംപടി പഴയപാലത്തിലായിരുന്നു സംഭവം.ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗവും ടാറ്റ നെക്സോൺ കാറും തരിപ്പണമായി. പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ വകുപ്പുകളാണ് ചുമത്തിയത്. ചെങ്ങമനാട് ലഹരിക്കേസിൽ ഇവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.
തിങ്കളാഴ്ച രാവിലെ പത്തരയോടെ ദേശീയപാതയിൽ കരിയാട് ഭാഗത്ത് വാഹനപരിശോധനയ്ക്കിടെയാണ് പ്രതികൾ രക്ഷപ്പെട്ടത്. ബംഗളൂരുവിൽനിന്ന് ആഡംബരക്കാറിൽ എം.ഡി.എം.എ കടത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ചെങ്ങമനാട് പൊലീസും കരിയാട് ഭാഗത്ത് കാത്തുനിൽക്കുകയായിരുന്നു. പൊലീസ് കൈകാണിച്ചിട്ടും നിറുത്താതെ അമിതവേഗത്തിൽ പൊലീസിനിടയിലേക്ക് കാറോടിച്ചുകയറ്റാൻ പ്രതികൾ ശ്രമിച്ചു. കാറിനെ പൊലീസ് പിന്തുടർന്നു.
അത്താണിയിൽനിന്ന് ചെങ്ങമനാട് ഭാഗത്തേക്ക് തിരിഞ്ഞശേഷം ആളൊഴിഞ്ഞ ഭാഗത്തുവച്ച് വാഹനത്തിലുണ്ടായിരുന്നവർ രാസലഹരിസൂക്ഷിച്ചിരുന്ന ബാഗുൾപ്പെടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. വാഹനത്തിന്റെ നമ്പർ ലഭിച്ചതിനാലും വീതികുറഞ്ഞ റോഡിൽ പിന്തുടരുന്നത് അപകടമുണ്ടാക്കുമെന്നതിനാലും പൊലീസ് തത്കാലം പിൻവാങ്ങി. ആലുവ സ്വദേശിയിൽ നിന്നാണ് ഇവർ കാർ വാടകയ്ക്കെടുത്തിരുന്നത്. ഫോൺനമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഈ കാർ രാത്രിയോടെ കൊച്ചി സിറ്റി പരിധിയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദറും റൂറൽ എസ്.പി ഡോ. വൈഭവ് സക്സേനയും ചേർന്ന് ഓപ്പറേഷന് രൂപംനൽകി. പാലാരിവട്ടം, എറണാകുളം നോർത്ത്, സെൻട്രൽ, സൗത്ത് പൊലീസിന്റെ പരിശോധനകൾ സംഘം സമർത്ഥമായി വെട്ടിച്ചു. തോപ്പുംപടി പഴയപാലത്തിലേക്ക് കാർ കടന്നതോടെ എസ്.ഐ ടിജോയും സംഘവും ജീപ്പ് റോഡിന് കുറുകെയിട്ടു. ജീപ്പിലേക്ക് കാർ ഇടിപ്പിച്ച് രണ്ടുപേർ ഓടിരക്ഷപ്പെടുകയായിരുന്നു.