ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ
കണ്ണൂർ: ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. കൂത്തുപറമ്പ്, നിർമ്മലഗിരി, തണ്ടേരിയിലെ മൂന്നാംപീടികയിൽ ടി.കെ റഹീസി(34)നെയാണ് ബുധനാഴ്ച പുലർച്ചെ വീടു വളഞ്ഞ് പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ വീട്ടിൽ എത്തിയിട്ടുണ്ടെന്ന സൂചനകളെ തുടർന്ന് കൂത്തുപറമ്പ് എ.സി.പി. കെ.വി വേണുഗോപാലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർച്ച് മൂന്നിന് മലപ്പുറം, പൂഴിക്കല്ലിലെ ശിബിലിയെ കാറിൽ തട്ടിക്കൊണ്ട് പോയി എട്ടരലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കർണ്ണാടക, വീരരാജ്പേട്ട സ്വദേശിനിയുടെ കൈവശം ശിബിലിയുടെ ഗൾഫിലുള്ള പിതാവ് എട്ടരലക്ഷം രൂപ വിലവരുന്ന സ്വർണം നാട്ടിലേക്ക് കൊടുത്തയച്ചിരുന്നു. കണ്ണൂർ വിമാനത്താവളം വഴിയാണ് യാത്രക്കാരിയുടെ കൈവശം സ്വർണം കൊടുത്തയച്ചത്. ഈ സ്വർണം വിമാനത്താവളത്തിലെ പരിശോധനയിൽ കസ്റ്റംസ് പിടികൂടിയിരുന്നു. ഈ വിവരമറിഞ്ഞ് ശിബിലിയെ മാതാവ് പണവുമായി വിമാനത്താവളത്തിലേക്കയച്ചു. ഈ വിവരം വിരാജ്പേട്ട സ്വദേശി മുഖാന്തിരം സ്വർണം പൊട്ടിക്കൽ സംഘം മനസ്സിലാക്കി. ടാക്സ് അടച്ച ശേഷം വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയ ശിബിലിയെ റഹീസിന്റെ നേതൃത്വത്തിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി സ്വർണം കൈക്കലാക്കുകയായിരുന്നു. മാതാവിന്റെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിൽ മൂന്ന് ദിവസം കഴിഞ്ഞാണ് ശിബിലിയെ മോചിപ്പിച്ചത്. സംഭവത്തിൽ ഹനീഫയെന്നയാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നു പൊലീസ് പറഞ്ഞു