രക്ഷിതാക്കളെ കൊള്ളയടിക്കാൻ പുതിയ ലോബി; തട്ടിപ്പിൽ വീഴരുതെന്ന് എൻസിഇആർടി, നഷ്ടം പതിനായിരങ്ങൾ
കൊച്ചി: ഇല്ലാത്ത ക്ഷാമം പ്രചരിപ്പിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ നിയമവിരുദ്ധമായി അച്ചടിച്ച് വൻ വിലയ്ക്ക് വിൽക്കുന്നു. 20 – 30 രൂപയ്ക്ക് സ്കൂളിൽ കിട്ടുന്ന പുസ്തകം പത്തിരട്ടി വരെ വിലകൂട്ടി വിറ്റാണ് രക്ഷിതാക്കളെ കൊള്ളയടിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസനയം വരുന്നതിനാൽ സ്കൂളുകളിൽ പുസ്തകമെത്താൻ വൈകുമെന്നാണ് സ്വകാര്യ പുസ്തക ലോബിയുടെ കള്ളപ്രചാരണം.
കേന്ദ്രീയ വിദ്യാലയങ്ങളും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളും എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്ളസ് വൺ, പ്ളസ് ടുവിനും പല വിഷയങ്ങൾക്കും എൻ.സി.ഇ.ആർ.ടി സിലബസ് ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ പ്രസാധകരും ബുക്ക് സ്റ്റാളുകളും നടത്തുന്ന വില്പനയ്ക്ക് ചില സ്വകാര്യ സ്കൂളുകളുടെ ഒത്താശയുമുണ്ട്. ഒരു പ്രമുഖ സ്കൂളിൽ ആയിരത്തിലേറെ പുസ്തകങ്ങളാണ് എത്തിച്ചത്.
പാഠപുസ്തകങ്ങളെല്ലാം മാറുമെന്ന പ്രചാരണം മാസങ്ങൾക്കു മുമ്പേ ആരംഭിച്ചിരുന്നു. എന്നാൽ, മൂന്ന്, ആറ് ക്ളാസുകളിലെ പുസ്തകങ്ങൾ മാത്രമാണ് മാറുന്നതെന്ന് എൻ.സി.ഇ.ആർ.ടി വൃത്തങ്ങൾ പറഞ്ഞു. ഇവ ജൂണിൽ തന്നെ ലഭ്യമാകും. മറ്റു പുസ്തകങ്ങൾ ലഭ്യമാണ്. ക്ഷാമമെന്ന പ്രചാരണത്തിൽ വീഴരുതെന്നും എൻ.സി.ഇ.ആർ.ടി മുന്നറിയിപ്പ് നൽകുന്നു.
ഡൗൺലോഡ് ചെയ്യാവുന്നത് മറയാക്കി തരികിട
മുഴുവൻ പുസ്തകങ്ങളും എൻ.സി.ഇ.ആർ.ടിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അച്ചടിച്ച പുസ്തകം ലഭിച്ചില്ലെങ്കിൽ വെബ്സൈറ്റിൽ നിന്ന് പ്രിന്റെടുത്ത് ബൈൻഡ് ചെയ്ത് ഉപയോഗിക്കാൻ അനുമതിയുണ്ട്. തികയാതെ വന്നാൽ സ്കൂളുകളും രക്ഷിതാക്കളും പകർപ്പെടുത്ത് ഉപയോഗിക്കാറുണ്ട്. എന്നാൽ, പുസ്തകമായി അച്ചടിച്ച് വിൽക്കുന്നത് നിയമവിരുദ്ധമാണ്.
പിടിച്ചെടുത്തത് ലക്ഷങ്ങളുടെ പുസ്തകം
എൻ.സി.ഇ.ആർ.ടി.ഇയുടെ പരാതിയിൽ കൊച്ചിയിലെ രണ്ടു ബുക്ക് സ്റ്റാളുകളിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപയുടെ വ്യാജ പുസ്തകങ്ങൾ പിടിച്ചെടുത്തു. എൻ.സി.ഇ.ആർ.ടി ബംഗളൂരു മേഖലാ ഓഫീസിൽ കിട്ടിയ വിവരത്തെ തുടർന്ന് അസിസ്റ്റന്റ് സ്റ്റോർ ഓഫീസർ എം.ജെ. പരമേഷ് കൊച്ചിയിലെത്തി പുസ്തകം ഉയർന്ന വിലയ്ക്ക് വാങ്ങി. തുടർന്ന് തെളിവുസഹിതം നൽകിയ പരാതിയിൽ 1,200 പുസ്തകങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.
പുസ്ത കക്ഷാമമെന്നത് വ്യാജപ്രചാരണമാണെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു. മാർച്ചിൽ ബുക്ക് ചെയ്ത പുസ്തകങ്ങൾ സ്കൂൾ തുറക്കും മുമ്പ് ലഭിക്കുമെന്നും ഇന്ദിരാ രാജൻ അറിയിച്ചു.