തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഒരാഴ്ച മുൻപ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റിൽ വച്ച് അന്വേഷണസംഘം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഇബ്രാഹിം കുഞ്ഞ് നൽകിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.
കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിംകുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം കൃത്യമല്ലെങ്കിൽ അദ്ദേഹത്തെ പ്രതിചേർക്കുന്ന കാര്യം വിജിലൻസ് ആലോചിക്കുന്നുണ്ട്.മുൻ മന്ത്രിക്കെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെയും കരാറുകാരുടേയും മൊഴി അന്വേഷണസംഘത്തിന് മുന്നിലുണ്ട്. അതിനാൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്.