കല്യോട്ട് ഇരട്ടക്കൊലക്കേസ്: 14-ാം പ്രതിയുടെ മകന്റെ കല്യാണ സൽക്കാരത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, പ്രതിയുമൊന്നിച്ചുള്ള നേതാവിന്റെ ഫോട്ടോ വൈറലായി
കാസർകോട്: കോളിളക്കം സൃഷ്ടിച്ച പെരിയ. കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ
കല്യാണ സൽക്കാരത്തിൽ കോൺഗ്രസ് നേതാവ് പങ്കെടുത്ത സംഭവം വിവാദത്തിൽ. 2019 ഫെബ്രുവരി 17ന് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവരെ ബൈക്ക് തടഞ്ഞ് നിർത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്ത 14-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയുമായ ബാലകൃഷ്ണന്റെ മകന്റെ കല്യാണ സൽക്കാരത്തിൽ പങ്കെടുത്ത കോൺഗ്രസ് പെരിയ മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയയാണ് വിവാദത്തിലായത്. പെരിയ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ കൂടിയാണ് പ്രമോദ് പെരിയ.
ബാലകൃഷ്ണന്റെ മകന്റെ കല്യാണം കഴിഞ്ഞ ദിവസം പയ്യന്നൂരിൽ വെച്ചാണ് നടന്നത്. കല്യാണ സൽക്കാരം ചൊവ്വാഴ്ച പെരിയ, മൊയോലത്തുള്ള ഓഡിറ്റോറിയത്തിലാണ് നടന്നത്. കോൺഗ്രസ് നേതാവ് രാജൻ പെരിയയുടെ ഉടമസ്ഥതയിലുള്ളതാണ് ഓഡിറ്റോറിയം.
സർക്കാര ചടങ്ങിൽ പങ്കെടുത്ത പെരിയ പ്രമോദ് വധൂവരന്മാർക്കും ഇരട്ടക്കൊലക്കേസിലെ 14-ാം പ്രതിയായ ബാലകൃഷ്ണനുമൊപ്പം സൽക്കാരവേദിയിൽ നിൽക്കുന്ന ചിത്രമാണ് വൈറലായിട്ടുള്ളത്. ഇതേ ചിത്രത്തിൽ മുൻ എം.എൽ.എയും സിപിഎം നേതാവുമായ കെ. കുഞ്ഞിരാമനുമുണ്ട്. സംഭവം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം പ്രമോദ് പെരിയയോട് വിശദീകരണം ചോദിച്ചതായാണ് സൂചന. കല്യാണ ചടങ്ങിൽ പങ്കെടുത്തത് വിവാദമാക്കേണ്ടതില്ലെന്നാണ് പ്രമോദ് പെരിയയുടെ വിശദീകരണം. സി.പി.എം നേതാവും ഇരട്ടക്കൊലക്കേസിലെ പ്രതിയുമായ ബാലകൃഷ്ണന്റെ സഹോദരൻ തന്റെ വീട്ടിൽ നേരത്തെ വാടകക്ക് താമസിച്ചിരുന്നുവെന്നും അദ്ദേഹമാണ് വിവാഹ സൽക്കാര ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും പ്രമോദ് പെരിയ വിശദീകരിച്ചു. താൻ മാത്രമല്ല മറ്റു ഏതാനും കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തിട്ടുള്ളതായി കൂട്ടിച്ചേർത്തു.