കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
കാസർകോട്: ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശരത് മേനോൻ, സൗരവ്, ശിവകുമാർ എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം. കാസർകോടു നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലൻസും ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. രണ്ടുപേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം ചട്ടഞ്ചാലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചട്ടഞ്ചാൽ സ്വദേശി ഉഷ, ഭർത്താവ് ശിവദാസ്. സ്വകാര്യ ആശുപത്രിയിലെ നഴ്സ്, ഡ്രൈവർ എന്നിവരാണ് ആംബുലൻസിലുണ്ടായിരുന്നത്. ഇവർക്കും നിസാര പരിക്കുണ്ട്. ഉഷയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ആംബുലൻസ്.