ബന്തിയോട്ടെ പലചരക്ക് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അക്രമി സംഘമെത്തിയ കാർ കസ്റ്റഡിയിൽ
കാസർകോട്: ബന്തിയോട്ടെ പല ചരക്ക് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. നാട്ടുകാർ
തടിച്ചുകൂടിയതോടെ അക്രമികൾ വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടു. ബന്തിയോട്ടെ വ്യാപാരി ഇർഷാദിനെയാണ് ഒരുസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. തിങ്കളാഴ്ച സന്ധ്യയോടെ മംഗളൂരുവിൽ നിന്നെത്തിയ അഞ്ചംഗ സംഘം കടയിൽ കയറി ബഹളം വയ്ക്കുകയും യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ബഹളം കേട്ട് നാട്ടുകാർ തടിച്ചുകൂടിയതോടെ സംഘം സ്ഥലം വിട്ടു. സംഘം എത്തിയ കാർ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് പൊലീസെത്തി കാർ കസ്റ്റഡിയിലെടുത്തു. കാറിന്റെ ആർസി ഉടമസ്ഥനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വ്യാപാരി ഇർഷാദിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ മൂന്നുലക്ഷം രൂപ നൽകാനുണ്ടെന്നും അതുമായി ബന്ധപ്പെട്ടതാണ് അക്രമമുണ്ടായതെന്നും ഇർഷാദ് പൊലീസിനോട് പറഞ്ഞു. അതേസമയം മംഗളൂരുവിൽ നിന്നും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ആറുലക്ഷം രൂപയാണ് നൽകാനുള്ളതെന്നും പല നാളായി ഒഴുവുകഴിവുകൾ പറഞ്ഞു പണം നൽകാതെ വഞ്ചിക്കുകയാണെന്നും മംഗളൂരുവിലെ വ്യാപാരിയുമായി ബന്ധപ്പെട്ടവർ പറയുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.