കൊല്ലത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്റെ ആത്മഹത്യാശ്രമം; മകൻ ഗുരുതരാവസ്ഥയിൽ
കൊല്ലം: പരവൂരിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ പൂതക്കുളത്ത് ഇന്നലെ രാത്രിയാണ് ദാരുണസംഭവമുണ്ടായത്. ഭർത്താവ് ശ്രീജുവും (40) മകൻ ശ്രീരാഗും (17) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. കടബാദ്ധ്യതയാണ് കൊലയ്ക്കും ആത്മഹത്യാശ്രമത്തിനും പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
പ്രീത പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു. ശ്രീനന്ദ എട്ടാംക്ളാസ് വിദ്യാർത്ഥിനിയാണ്. ശ്രീരാഗ് പ്ളസ് ടു വിദ്യാർത്ഥിയും. ശ്രീജു ഭാര്യയ്ക്കും മക്കൾക്കും വിഷംകൊടുത്തതിനുശേഷം കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ശ്രീജുവും കുടുംബവും രാവിലെ കതക് തുറക്കാത്തതിനെത്തുടർന്ന് തൊട്ടടുത്ത താമസിക്കുന്ന ബന്ധുവെത്തി പരിശോധിച്ചപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന് നാട്ടുകാരെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഉടൻതന്നെ നാലുപേരെയും ആശുപത്രിയിലെത്തിച്ചു. പ്രീതയും ശ്രീനന്ദയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നും ശ്രീജുവിനും ശ്രീരാഗിനും ജീവനുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും. ശ്രീജുവിന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.