കുപ്രസിദ്ധ വാഹനമോഷ്ടാവും മാല പൊട്ടിക്കൽ വീരനുമായ യുവാവ് അറസ്റ്റിൽ
കാസർകോട്: കുപ്രസിദ്ധ വാഹന മോഷ്ടാവും മാല പൊട്ടിക്കൽ വീരനുമായ യുവാവ് അറസ്റ്റിൽ. പള്ളിക്കര, പാക്കം, ചെർക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ (22) ആണ് പിടിയിലായത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ഇയാളെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് മോഷ്ടാവാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലിൽ കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിൽ വാറന്റ് നിലവിലുള്ളതായി വ്യക്തമായി. തുടർന്ന് പ്രതിയെ കാഞ്ഞങ്ങാട് പൊലീസിന് കൈമാറി.
വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തിൽ നിന്നും ആയുർവേദ കടയിൽ കയറി ഉടമയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച കേസിലെ പ്രതിയാണ് ഇബ്രാഹിം ബാദുഷ. പ്രസ്തുത കേസുകളിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബന്തടുക്ക, പടുപ്പിലെ ആയുർവേദ മരുന്നുകടയിൽ കയറി കടയുടമയുടെ മാല പൊട്ടിച്ച കേസിലും ബേഡകം, ചേരിപ്പാടി നാഗത്തുങ്കാലിൽ വഴിയാത്രക്കാരിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ കേസിലും ഇബ്രാഹിം ബാദുഷയേയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നു. മടിക്കെ, ചതുരക്കിണറിൽ വ്യാപാരിയുടെ ഭാര്യയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചതും ഇബ്രാഹിം ബാദുഷയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. മാല മോഷണം കൂടാതെ മംഗളൂരു, കങ്കനാടി. ബന്തർ, കോഴിക്കോട് കസബ എന്നിവിടങ്ങളിൽ ബൈക്കു മോഷ്ടിച്ച കേസുകളിലും ഇബ്രാഹിം ബാദുഷ പ്രതിയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.