രാത്രി കിടപ്പുമുറിയിൽ ഭാര്യയുടെ സുഹൃത്ത്; ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്
ഉറങ്ങാൻ നേരത്ത് രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് ആക്രമിച്ച് പരിക്കേൽപ്പിച്ചു. തലക്കും, മുഖത്തും വെട്ടേറ്റ അരീക്കോട് സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ദിവസം രാത്രി കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്. യുവതിയുടെ ഭർത്താവായ മലപ്പുറം സ്വദേശിയാണ് ഇയാളെ ആക്രമിച്ചത്. ഇരുപത്തിമൂന്നുകാരിയായ യുവതിയും ഭർത്താവും കുട്ടിയും മാത്രമാണ് ഈ വീട്ടിൽ ഉണ്ടായിരുന്നത്. മൂന്ന് ദിവസം മുൻപ് ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെ യുവതിയുടെ സുഹൃത്തിന്റെ ബന്ധുക്കൾ യുവതിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. തുടർന്ന് പൊലീസ് യുവതിയെ ഭർത്താവിനൊപ്പം വിടുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം കിടപ്പുമുറിയിൽ കയറുകയായിരുന്നു സുഹൃത്ത്. ഇതിനെച്ചൊല്ലി ഭർത്താവും സുഹൃത്തും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. കത്തിയെടുത്തു വന്ന ഭർത്താവ് സുഹൃത്തിനെ ആക്രമിക്കുകയും സമീപത്തുണ്ടായിരുന്ന ടേബിൾ ഫാൻ ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു.
യുവതിയും പരിക്കേറ്റ സുഹൃത്തും വീടുവിട്ടിറങ്ങി. നാട്ടുകാരാണ് ആംബുലൻസിൽ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി എസ്ഐ ബാബുരാജിന്റെ നേതൃത്വത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.